തിരുവനന്തപുരം: അവിനാശി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാതലത്തിൽ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നാലുദിവസത്തിനുള്ളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തിറക്കി.
ചീറ്റ പട്രോളിംഗ് സംഘം നിലവിലുള്ള സ്ഥലങ്ങളിൽ അവയുടെ സേവനവും ഇതിനായി ഉപയോഗിക്കാം. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അപകടകരമായ രീതിയിൽ വണ്ടിയോടിക്കൽ എന്നിവ കണ്ടെത്തി തടയുന്നതിന് ഹൈവേ പൊലീസ് നിതാന്ത ജാഗ്രത പുലർത്തണം. പൊതുജനത്തിനും യാത്രക്കാർക്കും തടസമുണ്ടാക്കുന്ന രീതിയിൽ വശങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണം. എന്നാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ അനാവശ്യമായി വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നത് ഒഴിവാക്കണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്.