ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്ന് ഇന്ത്യൻ വനിതാ താരങ്ങൾക്ക് സ്വർണം
ന്യൂഡൽഹി : ഡൽഹിയിൽ നടക്കുന്ന ഏഷ്യൻ സീനിയർ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ മൂന്ന് ഇന്ത്യൻ വനിതാ താരങ്ങൾക്ക് സ്വർണം. ഒരു വെള്ളി ഉൾപ്പെടെ നാല് മെഡലുകളാണ് ഇന്നലെ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്.
68 കി. ഗ്രാം വിഭാഗത്തിൽ ദിവ്യ കാക്കരൺ, 25 കി.ഗ്രാം വിഭാഗത്തിൽ പിങ്കി, 59 കി.ഗ്രാം വിഭാഗത്തിൽ സരിതാമോർ എന്നിവരാണ് ഇന്നലെ പൊന്നണിഞ്ഞത്. 50 കി.ഗ്രാം ഫൈനലിൽ തോറ്റുപോയ നിർമ്മലാദേവി വെള്ളിത്തിളക്കം കൊണ്ട് തൃപ്തിപ്പെട്ടു.
21കാരിയായ ദിവ്യയ്ക്കായിരുന്നു ആദ്യ സ്വർണം. അൽബീന കെയ്ർഗെൽ ഡിനോവ, ഡെൽഗെർമ, അസോദ എസ്ബർ ദൈനോവ, നരൂഹ മത്സുയുകി എന്നിവരെയെല്ലാം റൗണ്ട് റോബിൻലീഗ് മത്സരങ്ങളിൽ മലർത്തിയടിച്ചാണ് ദിവ്യ സ്വർണം സ്വന്തമാക്കിയത്.
55 കി.ഗ്രാം സെമിഫൈനലിൽ കസാഖിസ്ഥാന്റെ മരീന സുയേവയെയും ഫൈനലിൽ മംഗോളിയയുടെ ബൊലോർമ്മയെയും കീഴടക്കിയാണ് പിങ്കിയുടെ സ്വർണ നേട്ടം. 59 കി.ഗ്രാം വിഭാഗത്തിൽ സരിത ഫൈനലിൽ മംഗോളിയൻ താരത്തെയാണ് കീഴടക്കിയത്.
35കാരിയായ നിർമ്മല ഫൈനലിൽ ജപ്പാന്റെ മിഹോ ഇഗാർഷിയേദാണ് തോറ്റത്. 3-2 എന്ന സ്കോറിനായിരുന്നു മിഹോയുടെ ജയം.