സൈന ക്വാർട്ടറിൽ
ബാഴ്സലോണ : പ്രീക്വാർട്ടർ ഫൈനലിൽ ഉക്രേനിയൻ താരം മരിയ യുലിറ്റിനയെ കീഴടക്കി ഇന്ത്യൻ വനിതാ താരം സൈന നെഹ്വാൾ സ്പെയ്ൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. 21-10, 21-19 എന്ന സ്കോറിനായിരുന്നു സൈനയുടെ പ്രീക്വാർട്ടർ വിജയം.
പുരുഷ വിഭാഗത്തിൽ ജർമ്മനിയുടെ കായ് ഷീഫറെ 21-14, 16-21, 21-15 ന് കീഴടക്കി സമീർ വർമ്മ ക്വാർട്ടറിലെത്തിയിട്ടുണ്ട്. മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്തിനെ 21-6, 21-17ന് സഹതാരം അജയ് ജയ്റാം അട്ടിമറിച്ചു.
നെയ്മർക്ക് ഇപ്പോഴും ബാഴ്സയിൽ
വരാൻ മോഹമെന്ന് മെസി
മാഡ്രിഡ് : ഫ്രഞ്ച് ക്ളബ് പാരീസ് എസ്. ജിയിലേക്ക് പോയ ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് താൻ കളിക്കുന്ന സ്പാനിഷ് ക്ളബ് ബാഴ്സലോണയിലേക്ക് തിരികെ വരാൻ ഇപ്പോഴും മോഹമുണ്ടെന്ന് ലയണൽ മെസി. കഴിഞ്ഞ സീസണിൽ നെയ്മറെ തിരിച്ചെത്തിക്കാൻ ബാഴ്സ ശ്രമിച്ചെങ്കിലും പി.എസ്.ജി വിട്ടുകൊടുത്തിരുന്നില്ല. നെയ്മറും സുവാരേസും താനും ചേർന്ന ബാഴ്സയുടെ സുവർണകാലം വീണ്ടും ആസ്വദിക്കണമെന്ന് തനിക്കും മോഹമുണ്ടെന്ന് മെസി പറഞ്ഞു.
ഐ.പി.എൽ ആൾ സ്റ്റാർ
ഗെയിം മാറ്റി
ന്യൂഡൽഹി : ഇൗ സീസൺ ഐ.പി.എല്ലിന് മുമ്പ് എല്ലാ ടീമുകളിലെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തി ആൾ സ്റ്റാർ മത്സരങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് ബി.സി.സി.ഐ പിൻമാറി. ഫ്രാഞ്ചൈസി ഉടമകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണിത്. ഐ.പി.എൽ ഫൈനലിന് ശേഷം ആൾ സ്റ്റാർ ഗെയിം നടത്താനാണ് തീരുമാനമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ഗുജറാത്തിലെ മൊട്ടേറ സ്റ്റേഡിയത്തിലാകും മത്സരം. സന്നദ്ധ സേവനത്തിന് ഫണ്ട് സ്വരൂപിക്കാനാണ് ആൾ സ്റ്റാർ ഗെയിം സംഘടിപ്പിക്കുന്നത്.
ഹോക്കി പ്രോ ലീഗിൽ
ഇന്ത്യ ഒാസീസിനെതിരെ
ഭുവനേശ്വർ : ഹോക്കി പ്രോ ലീഗ് സിരീസിന്റെ ഭാഗമായി ഇന്ത്യൻ ടീം ഇന്നും നാളെയും ആസ്ട്രേലിയയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് റൗണ്ടിലെ നാല് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നേരത്തെ ഹോളണ്ടിനെയും ബെൽജിയത്തെയും ഇന്ത്യ തോൽപ്പിച്ചിരുന്നു.