തിരുവനന്തപുരം: കാണാതായ വിദ്യാർത്ഥിയെ കരമനയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഇടപെടൽ. കരമന സ്വദേശി രതീഷിന്റെ മകൻ അഭിജിത്തിന്റെ (17) മരണം ഐ.ജിയുടെ മേൽനോട്ടത്തിൽ എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മിഷൻ ചെയർമാൻ പി. സുരേഷ് ആവശ്യപ്പെട്ടു. അഭിജിത്തിന്റെ വീട് കമ്മിഷൻ ചെയർമാൻ സന്ദർശിച്ചിരുന്നു. മകൻ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ മൊഴി നൽകി. കുട്ടി ധരിച്ച വസ്ത്രങ്ങളും കണ്ണടയും ചെരുപ്പും മൃതദേഹത്തിലോ സമീപത്തോ ഉണ്ടായിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. പരീക്ഷയിൽ മാർക്ക് കുറയുമെന്ന് പേടിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥിയായ അഭിജിത്ത് വീട് വിട്ടിറങ്ങിയതെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞത്. കണ്ണമ്മൂലയിലെ രാഹുൽ എന്ന 15 വയസുകാരന്റെ തിരോധാനവും ഇതേ രീതിയിൽ അന്വേഷിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പക്കൽനിന്ന് കണ്ടെടുത്ത മൊബൈൽ വാങ്ങിവച്ചതാണ് വീടുവിട്ടിറങ്ങാൻ കാരണമായതെന്നാണ് രാഹുലിന്റെ വീട്ടുകാരുടെ മൊഴി. ഈ രണ്ട് സംഭവങ്ങളിലും കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.