തിരുവനന്തപുരം: എൽ.ഐ.സിയിലെ ക്ലാസ് വൺ ഓഫീസർമാരുടെ യൂണിയനുകളുടെ ദേശീയ ഫെ‌ഡറേഷൻ ജനറൽ കൗൺസിൽ യോഗം 24,25 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 450 പ്രതിനിധികൾ പങ്കെടുക്കും. ഇടപ്പഴഞ്ഞി ആർ.‌ഡി.എ ഹാളിലെ രാജഗോപാൽ നഗറിൽ 24ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ അദ്ധ്യക്ഷൻ ബാബുറാവു ഹുംറാസ്‌കർ അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഒ. രാജഗോപാൽ എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും. എൽ.ഐ.സിയുടെ ഓഹരികൾ കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് ദേശീയ ജനറൽ കൗൺസിൽ രൂപം നൽകുമെന്ന് ഫെ‌ഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി എസ്. രാജ്കുമാർ മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു. സോണൽ പ്രസിഡന്റ് എ.ജെ. കൃഷ്ണമൂർത്തി, ഡിവിഷണൽ പ്രസിഡന്റ് അജിത് പ്രഭാകർ, സെക്രട്ടറി ഗീതാ ശിവശങ്കര, ഉജ്ജ്വൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.