ഒറ്റനിമിഷം കൊണ്ട് പത്തൊൻപതു പേരെ മരണത്തിലേക്കു കൊണ്ടുപോയ അവിനാശി ബസ് ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് സംസ്ഥാനം മോചിതമാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. മരണപ്പെട്ടവരുടെയും പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നവരുടെയും ബന്ധുക്കളെ സംബന്ധിച്ചിടത്തോളം ജീവിതാന്ത്യം വരെ നടുക്കുന്ന ഓർമ്മകളായി ഈ അപകടം എന്നും ജീവിതത്തിലുടനീളം ഒപ്പമുണ്ടാകും. ഏതു വലിയ ദുരന്തത്തിനു പിന്നിലും കാണും മനുഷ്യവീഴ്ചയുടെയും അഹങ്കാരത്തിന്റെയും കൈയൊപ്പുകൾ. അവിനാശിയിലെ അപകടത്തിനു പിന്നിലും കാണാം അത്തരത്തിലൊന്ന്. നാല്പതു ടണ്ണോളം ഭാരമുള്ള ടൈലുകൾ കയറ്റിയ കണ്ടെയ്നർ ലോറിയുടെ മുൻഭാഗത്തെ ടയറുകളിലൊന്ന് യാദൃച്ഛികമായി പൊട്ടിയതാണ് അപകടത്തിലേക്കു നയിച്ചതെന്നായിരുന്നു ആദ്യ വാർത്തകൾ. ടയർ ഊരിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വിശാലമായ ഡിവൈഡറും ചാടിക്കടന്ന് അപ്പുറത്തെ പാതയിലെത്തി എതിരെ വരികയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ വോൾവോ ബസിന്റെ വലതുഭാഗത്തേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന ധാരണയിലായിരുന്നു സ്ഥലത്തെത്തിയ ഔദ്യോഗിക സംഘാംഗങ്ങൾ. എന്നാൽ വിശദ പരിശോധനയിൽ ഡ്രൈവറുടെ ഭാഗത്തുണ്ടായ പിഴവാണ് ബസ് യാത്രക്കാരെ അപകടത്തിലാക്കിയതെന്ന് ബോദ്ധ്യമായിട്ടുണ്ട്. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം ലോറി മീഡിയനിൽ ഇടിച്ചുകയറാനിടയാക്കിയതെന്നു കരുതാവുന്ന വിധത്തിലാണ് അപകടസ്ഥലത്തു നടത്തിയ വിദഗ്ദ്ധ സംഘങ്ങളുടെ പരിശോധനയിലെ സൂചനകൾ. അപകടമുണ്ടായ ഉടനെ രംഗത്തുനിന്ന് ഓടിയൊളിച്ച ഡ്രൈവറെ എട്ടുമണിക്കൂറിനു ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അവിനാശിയിലെ ഇറക്കമിറങ്ങി വന്ന ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് പറയുന്നത്.അതിനൊപ്പം ഡ്രൈവറുടെ ഉറക്കക്ഷീണം കൂടിയായപ്പോൾ സ്വാഭാവികമായും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാം. ഡിവൈഡർ ചാടിക്കടന്ന ശേഷമാണ് ലോറിയുടെ ടയർ ഊരിത്തെറിച്ചതെന്നും പരിശോധനയിൽ ബോദ്ധ്യമായിട്ടുണ്ട്.
അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ഗതാഗത നിയമങ്ങൾ കർക്കശമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ സംസ്ഥാന ഡി.ജി.പി കീഴ്ഘടകങ്ങൾക്ക് വ്യാഴാഴ്ച തന്നെ നിർദ്ദേശം നൽകിയിരിക്കുകയാണ്. നാലു ദിവസത്തിനകം സ്ക്വാഡ് രൂപീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാത്രികാലങ്ങളിൽ നിരത്തുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വാഹന പരിശോധന കർക്കശമാക്കണമെന്നും നിർദ്ദേശമുണ്ട്. അമിത വേഗം, മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, അപകടകരമായ രീതിയിലുള്ള വാഹനം ഓടിക്കൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ കർശനമായി തടയണം. രാത്രികാലത്ത് നിരത്തുവക്കിലെ അനധികൃത പാർക്കിംഗ് തടയാനും നടപടി വേണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്. നിരവധി പേർ മരിക്കുന്ന വാഹനാപകടങ്ങളെത്തുടർന്ന് ഇതുപോലുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ച് മേലധികാരികൾ കൈകഴുകുന്നത് ഇതാദ്യമൊന്നുമല്ല. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ സർക്കുലർ ഇറക്കിയവരുൾപ്പെടെ സകലരും അതു മറക്കും. ഗതാഗത നിയമലംഘനങ്ങൾ അപ്പോഴും പണ്ടേപോലെ തുടരുകയും ചെയ്യും. നിരത്തുകളിൽ മനുഷ്യരക്തം വാർന്നൊഴുകുന്നത് പൂർണമായും തടയാൻ ഒരു നിയമത്തിനുമാകില്ലെന്നു സമ്മതിച്ചാൽ പോലും നല്ലൊരളവിൽ അതു നിയന്ത്രിക്കാൻ കഴിയും. വാഹനം ഓടിക്കുന്നവരാണ് അതിനു ആദ്യം മുൻകൈയെടുക്കേണ്ടത്. ഗതാഗത നിയമങ്ങൾ അനുസരിക്കാനുള്ളവയാണെന്ന ബോധമാണ് ആദ്യം ഉണ്ടാകേണ്ടത്. വാഹനം ഓടിക്കാനറിയാം എന്നതാകരുത് മാനദണ്ഡം. വാഹനം ഏതു തരത്തിൽ ഓടിക്കുന്നു എന്നാണു നോക്കേണ്ടത്. സ്കൂൾ തലത്തിൽ നിന്നു തന്നെ തുടങ്ങണം ഗതാഗത നിയമങ്ങൾ സംബന്ധിച്ച പഠനം. വേണ്ടതും വേണ്ടാത്തതുമായ എന്തെല്ലാം കാര്യങ്ങളാണ് ഒന്നാംക്ളാസ് തൊട്ടേ കുട്ടികളുടെ തലയിൽ അടിച്ചേല്പിക്കുന്നത്. ഗതാഗത നിയമങ്ങളെക്കുറിച്ചോ നിരത്തുകളിൽ വാഹനവുമായി ഇറങ്ങുന്നവർ പാലിക്കേണ്ട മര്യാദകളെക്കുറിച്ചോ പാഠഭാഗങ്ങളുള്ളതായി തോന്നുന്നില്ല. റോഡ് സംസ്കാരം ഏതൊരു നാടിന്റെയും പൊതുവായ സാംസ്കാരിക ഉന്നതി പ്രതിഫലിപ്പിക്കുന്നതാകണം. നിർഭാഗ്യവശാൽ കേരളത്തിൽ വാഹനം ഓടിക്കുന്നവരിൽ ഭൂരിപക്ഷത്തിനും അത്തരം ഒരു റോഡ് സംസ്കാരം ഉള്ളതായി തോന്നുന്നില്ല. അതുകൊണ്ടാണ് റോഡടക്കിയുള്ള ഡ്രൈവിംഗിന് അവർ മുതിരുന്നത്. മുൻപേ പോകുന്ന വാഹനങ്ങളെ നിരോധിത മേഖലയിൽ വച്ചു പോലും മറികടക്കാൻ കാണിക്കുന്ന പരാക്രമം. സൈഡ് നൽകാൻ വൈകിയതിന്റെ പേരിൽ മുൻപേ പോയ വാഹനത്തിന്റെ സാരഥിയെ പിടിച്ചിറക്കി മർദ്ദിക്കുന്നത്. നഗരപാതകളിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന വൃദ്ധജനങ്ങളോടു പോലും യാതൊരു കരുണയും കാണിക്കാതെ വാഹനത്തിന്റെ സ്പീഡ് കൂട്ടുന്നത്. റോഡിൽ അച്ചടക്കവും സംസ്കാരവും സ്ഥായിയായി പുലരുകയാണെങ്കിൽ അപകട നിരക്കും ഗണ്യമായി കുറയുമെന്നതിൽ തർക്കമില്ല. നിരത്തുകൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന ബോധം വാഹനം ഓടിക്കുന്നവർക്കുണ്ടാകണം. പരസ്പര ബഹുമാനവും ഗതാഗത നിയമങ്ങൾ അനുസരിക്കാനുള്ള സന്നദ്ധതയും ഒരു ഡ്രൈവറുടെ ഉത്തമ ലക്ഷണങ്ങളാണ്. കുട്ടികൾ ചെറിയ ക്ളാസുകൾ തൊട്ടേ ഗതാഗത പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ പാകത്തിൽ പാഠ്യഭാഗങ്ങൾ നിർമ്മിക്കണം. ഡ്രൈവിംഗ് സ്കൂളുകൾ ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ മാത്രം പഠിപ്പിച്ച് ആളുകളെ വഴിതെറ്റിക്കുന്ന രീതിക്കും മാറ്റമുണ്ടാകണം. നല്ല പരിശീലനത്തിന്റെ അഭാവമാണ് റോഡുകളിൽ ഇന്നു കാണുന്ന അച്ചടക്കമില്ലായ്മയ്ക്കും അപകട പരമ്പരകൾക്കും മുഖ്യ കാരണം.