മുടപുരം: വർദ്ധിച്ചുവരുന്ന കാൻസർ രോഗത്തെ നിയന്ത്രിക്കുന്നതിനും തുടക്കത്തിലെ രോഗലക്ഷണങ്ങൾ കണ്ടു പിടിച്ചു ചികിത്സ ലഭ്യമാക്കുന്നതിനുമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകൾ തോറും നടത്തിവന്നിരുന്ന കാൻസർ രോഗനിർണയ ക്യാമ്പുകൾ സമാപിച്ചു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. കലാവതിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പുകൾ. മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇളമ്പ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്ന. ഡി.എസ്, ഡോ. കലാവതി, ഡോ. ജി.ജി. തോമസ്, ഡോ. പ്രദീപ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അനി, ആർ.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ പ്രമോദ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുരേഷ് നന്ദിയും പറഞ്ഞു.