നെയ്യാറ്റിൻകര : പ്രകൃതിയെ സംരക്ഷിക്കാനും പ്രകൃതിക്ഷോഭങ്ങൾ നിയന്ത്രിക്കാനും ഓരോ വീട്ടിലും ഹരിത ചട്ടം പാലിക്കാൻ ശ്രമിക്കണമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. അരുവിപ്പുറത്ത് പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ എങ്ങനെ ശുദ്ധിയായി സൂക്ഷിച്ച് ലോകം മുന്നോട്ടു പോകണമെന്ന് ക്രാന്തദർശിയായിരുന്ന ശ്രീനാരായണ ഗുരുദേവൻ നമ്മെ പഠിപ്പിച്ചിരുന്നു. ഇന്ന് അത് പാലിക്കാൻ നാം വിമുഖത കാട്ടുന്നു. നിരോധനം കൊണ്ട് ഒന്നും പൂർണമായും നമുക്ക് നിറുത്തലാക്കാൻ കഴിയില്ല-അദ്ദേഹം പറഞ്ഞു. ഭൂഗർഭ ജലം പേടിപ്പെടുത്തും വിധം താഴുന്ന പ്രതിഭാസം നാട് അഭിമുഖീകരിക്കുകയാണെന്നും നമ്മുടെ കൂരകൾക്ക് മുകളിൽ വീഴുന്ന ജലം പുരയിടത്തിൽ സൂക്ഷിച്ചു വയ്ക്കാൻ ഇനിയും വൈകരുതെന്നും അദ്ധ്യക്ഷനായ ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. ഗുരുസ്മരണയോടെ ആരംഭിച്ച സമ്മേളനത്തിൽ മുൻ എം.എൽ.എയും കയർ കോർപ്പറേഷൻ ചെയർമാനുമായ ടി.കെ. ദേവകുമാർ മുഖ്യാതിഥിയായിരുന്നു. ജിയോളജി വകുപ്പ് അസി. പ്രൊഫ. ഡോ. സജിൻകുമാർ കെ.എസ്, കേരള യൂണിവേഴ്സിറ്റി അസി. പ്രൊഫ. ഡോ. എം.എ. സിദ്ദിഖ് എന്നിവർ സംസാരിച്ചു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് നന്ദിയും പറഞ്ഞു.