വെഞ്ഞാറമൂട്: ശിവസ്തുതികളുമായി പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ ശിവരാത്രി വിപുലമായി ആഘോഷിച്ചു. വെഞ്ഞാറമൂട് മേഖലയിലെ പ്രധാനക്ഷേത്രങ്ങളായ മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം, തിരുനെല്ലൂർക്കോണം ശിവക്ഷേത്രം, കാരേറ്റ് ശിവക്ഷേത്രം, കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രം, കല്ലറ മഹാദേവരു പച്ച ക്ഷേത്രം തുടങ്ങിയവ പഞ്ചാക്ഷരി മന്ത്ര ധ്വനികളാൽ മുഖരിതമായി. ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വയ്യേറ്റ് മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വെഞ്ഞാറമൂട് നാട്യശ്രീ സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിച്ച ഭരതനാട്യ കുച്ചുപ്പുഡി അരങ്ങേറ്റ സപര്യ, നാഗർകോവിൽ മില്ലേനിയം മെഗാവോയ്സ് അവതരിപ്പിച്ച മെഗാഷോ, തിരുവനന്തപുരം തനിമ അവതരിപ്പിച്ച നാടൻപ്പാട്ടും ദൃശ്യാവിഷ്കരണവും" തിറയാട്ടം", ശിവരാത്രി ചടങ്ങുകളായ യാമപൂജ, ശിവധാര എന്നിവ നടന്നു. കൂടാതെ മാണിക്കോട് ജംഗ്ഷനിൽ നാടൻ പാട്ട് മഹോത്സവം, വയ്യേറ്റ് ജംഗ്ഷനിൽ ഉത്സവ തുടിമേളം, മാവേലി സ്റ്റോർ ജംഗ്ഷനിൽ ഗാനമേള എന്നീ കലാപരിപാടികളും മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്നു.