തിരുവനന്തപുരം: വേളിയിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിൽ ചരക്കുകപ്പൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. വെട്ടുകാട് സ്വദേശി അലോഷ്യസ് (58 ) , വലിയവേളി ജെറി (53 ) എന്നിവർക്കാണ് പരിക്കേറ്റത്. വേളി സ്വദേശി ലില്ലിക്കുട്ടിബാബുവിന്റെ എൽസമോൾ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. അന്താരാഷ്ട്ര കപ്പൽചാലിന് സമീപമായിരുന്നു അപകടമെന്നാണ് പൊലീസിന്റെ നിഗമനം. കപ്പൽ തട്ടിയ ആഘാതത്തിൽ രണ്ടു പേരും കടലിലേക്ക് വീഴുകയായിരുന്നു. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി . വള്ളത്തിന് ഭാഗികമായി തകരാറുകൾ സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കോസ്റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.