കുഴിത്തുറ: കന്യാകുമാരി അഞ്ചുഗ്രാമത്തിൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് മൂന്നര വയസുകാരിയെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന അച്ചനെ പൊലീസ് അറസ്റ്റുചെയ്തു. അഞ്ചുഗ്രാമം മൈലാടി മാർത്താണ്ഡപുരം സ്വദേശി സെന്തിൽ കുമാർ (35)ആണ് അറസ്റ്റിലായത്.

സെന്തിൽ കുമാർ, ഭാര്യ രാമലക്ഷ്മി (34), മക്കളായ ശ്യാമസുന്ദർ (7), മകൾ സഞ്ജന എന്നിവരോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ 11ന് രാത്രി സെന്തിൽകുമാർ പണയംവച്ച സ്വർണത്തെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട ശേഷം മകനെ സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലേക്കുകൂട്ടിക്കൊണ്ടുപോയി കഴുത്തിൽ കയർ ചുറ്റി കൊലപ്പെടുത്താൻ ശ്രമിച്ചു. നിലവിളി കേട്ടെത്തിയ രാമലക്ഷ്മി നിലത്ത് ബോധമില്ലാതെ കിടന്ന മകനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്ന് രാമലക്ഷ്മി അടുത്ത വീട്ടുകാരെ ഫോണിൽ വിളിച്ച് മകൾ സഞ്ജന ഒറ്റയ്ക്കാണെന്നറിയിച്ചു. അവർ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ വീട് പൂട്ടിയിട്ടിരുന്നു. വാതിൽ തകർത്ത് അകത്തു കയറി നോക്കിയപ്പോൾ വെള്ളം ശേഖരിച്ചുവച്ചിരുന്ന സിമന്റ് ടാങ്കിൽ സഞ്ജനയെ മുക്കി കൊന്ന നിലയിൽ കാണുകയായിരുന്നു. ഇൻസ്‌പെക്ടർ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സെന്തിൽകുമാറിനെ വ്യാഴാഴ്ച കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അറസ്റ്റുചെയ്തത്. നാഗർകോവിൽ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.