sun-healt

കാലാവസ്ഥയ്ക്കനുസരിച്ച് ജീവജാലങ്ങൾ ചൂടും തണുപ്പും കൊണ്ടുള്ള സുഖവും ബുദ്ധിമുട്ടുകളും അറിയേണ്ടി വരും. ചൂട് കൂടുതലായാൽ ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് വ്യത്യാസം വരികയും, രോഗമായി പരിണമിക്കുകയും ചെയ്യും.

അതിനാൽ ചൂട്കൂടുന്നകാലത്ത് ചൂട് കുറയ്ക്കാൻ സാധിക്കുന്ന ജീവിതരീതിയിലേക്ക് മാറണം. ഭക്ഷണത്തിലും ശീലങ്ങളിലും കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ തന്നെ പല രോഗങ്ങളേയും അകറ്റുവാൻ സാധിക്കും.

അന്തരീക്ഷത്തിൽ ചൂടു കൂടുതലുള്ളപ്പോൾ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ആഹാരങ്ങൾ ശീലിക്കുക എന്നത് നല്ല മാർഗമാണ്. തണുപ്പിനെ ഉണ്ടാക്കുന്ന ചൂടാറ്റിയ പാൽ, പാൽപ്പായസം, നെയ്യ് കൊണ്ടുള്ള പലഹാരങ്ങൾ, പഴങ്ങൾ, ജ്യൂസുകൾ, മധുരം കൂടുതലുള്ള പഴവർഗ്ഗങ്ങൾ തുടങ്ങിയവ ശരീരത്തിൽ ചൂട് കുറയ്ക്കുവാൻ സഹായിക്കുന്നവയാണ്. കൃത്രിമ പാനീയങ്ങളും കൃത്രിമ ഭക്ഷണങ്ങളും ഒഴിവാക്കി കരിക്കിൻ വെള്ളം ,ചൂടാക്കി തണുപ്പിച്ച വെള്ളം, പതിമുഖം രാമച്ചം തുടങ്ങിയവ ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉപയോഗിക്കാം. ജീരകം, ചുക്ക്, അയമോദകം, കരിംജീരകം തുടങ്ങിയവ ഇട്ട് തിളപ്പിച്ച വെള്ളം ചൂട് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൃത്രിമ വസ്തുക്കൾ അടങ്ങിയിട്ടുള്ള ആഹാര പദാർത്ഥങ്ങളും, മസാല കൂടിയതും, വറുത്തതും പൊരിച്ചതുമായ ആഹാരവും, കേടുകൂടാതെ ഇരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കളും ശരീരത്തിലെ താപനില വർദ്ധിപ്പിക്കും. ചായ, കാപ്പി, കോള തുടങ്ങിയവയെക്കാൾ ശുദ്ധജലത്തിൽ തയ്യാറാക്കിയ മോര്, നാരങ്ങാവെള്ളം, കൂജയിലെ വെള്ളം, മല്ലി ചതച്ചിട്ട കഞ്ഞിവെള്ളം തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതാണ്. ഉപ്പിന്റെ ഉപയോഗം വേനൽക്കാലത്ത് കുറയ്ക്കേണ്ടതാണ്. എന്നാൽ പെട്ടെന്ന് വെയിൽ കൊണ്ട് ക്ഷീണിച്ച ഒരാളിന് വേഗത്തിൽ ലവണാംശം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് വേണ്ടി അല്പമായ അളവിൽ ഉപ്പുചേർത്ത പുളിയുള്ള പാനീയങ്ങൾ നൽകുന്നത് ഫലപ്രദമാണ് .വെയിലത്തുള്ള ജോലി ശരീരത്തെ ക്ഷീണിപ്പിക്കുകയും, രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും, രോഗങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.

വേനൽക്കാലത്ത് ചൂടുവെള്ളത്തിലെ കുളി നല്ലതല്ല. മറ്റാവശ്യങ്ങൾക്കും ചൂടുള്ള വെള്ളം ഉപയോഗിക്കേണ്ടതില്ല.വേനൽകാലത്ത് കണ്ണിനെ പ്രത്യേകം സംരക്ഷിക്കണം എന്നതിനാൽ നേത്ര രോഗങ്ങൾ ഒഴിവാക്കുന്നതിനായി ഉള്ള തുള്ളിമരുന്ന് ഡോക്ടറുടെ നിർദേശം അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

വസ്ത്രങ്ങൾ മങ്ങിയ നിറത്തിലുള്ളവയും, അയഞ്ഞതും, പരുത്തി നിർമ്മിതവും ആയിരിക്കണം.വിയർപ്പു പുരണ്ട വസ്ത്രങ്ങൾ വീണ്ടും ഉപയോഗിച്ചാൽ ത്വക് രോഗം വർദ്ധിക്കാൻ ഇടയുണ്ട് . കാരറ്റ്, ബീറ്റ് റൂട്ട്, മാതളം, കരിക്കിൻവെള്ളം, ഏലത്തരി ചേർത്ത കരിക്കിൻവെള്ളം, വാഴപ്പിണ്ടിനീര്, വെള്ളരിക്ക, കുമ്പളങ്ങ, ശുദ്ധജലത്തിൽ ഉണ്ടാക്കിയ മോരിൻ വെള്ളം തുടങ്ങിയവയുടെ ഉപയോഗം വർദ്ധിപ്പിക്കണം. പാനീയങ്ങൾ എല്ലാം തന്നെ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് നിർമ്മിക്കുന്നതാണ് നല്ലത്.