വെള്ളറട: മഹാശിവരാത്രി പ്രമാണിച്ച് വെള്ളറട പ്രദേശത്തെ ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രത്യേക പൂജകളും ഹോമങ്ങളും സമൂഹസദ്യയും സംഘടിപ്പിച്ചിരുന്നു. ശിവാലയ ഓട്ടക്കാരെ കൊണ്ട് റോഡുകളും ക്ഷേത്രങ്ങളും നിറഞ്ഞു. വെള്ളറട ശ്രീനാരായണപുരം ലോകനാഥ ക്ഷേത്രത്തിൽ ശിവരാത്രി പ്രമാണിച്ച് രാവിലെ മഹാഗണതിഹോമം, ഓട്ടം തുള്ളൽ സമൂഹപൊങ്കാല, പുഷ്പാഭിഷേകം, അലങ്കാര ദീപാരാധന, യാമപൂജകൾ എന്നിവ നടന്നു. ഇവിടെ നടന്നു വന്ന അഞ്ചുദിവസത്തെ ശിവരാത്രി മഹോത്സവം ഇന്ന് ആറാട്ടോടു കൂടി സമാപിച്ചു. കാക്കതൂക്കി ചെമ്പകത്തിൻപാറ ശിവക്ഷേത്രത്തിൽ രാവിലെ മൃത്യുജ്ഞയഹോമവും വൈകിട്ട് പ്രത്യേക ദീപാരാധനയും യാമപൂജകളും സംഘടിപ്പിച്ചു. ചെറുവല്ലൂർ ശ്രീമഹാദേവക്ഷേത്രം, ചെഴുങ്ങാനൂർ ശ്രീമഹാദേവക്ഷേത്രം, കൂട്ടപ്പൂ ശ്രീമഹാദേവക്ഷേത്രം, തൃപ്പരപ്പ് ശിവക്ഷേത്രം, ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രം, കീഴാറൂർ ശ്രീരാജരാജേശ്വരിക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക ശിവരാത്രി യാമപൂജകൾ നടന്നു.