വെള്ളറട: ലോകരാജ്യങ്ങളിൽ ഗുരുദേവ സന്ദേശങ്ങൾ പഠനവിധേയമാക്കുമ്പോൾ കേരളത്തിൽ ഗുരുദേവ സന്ദേശങ്ങൾ പാഠ പുസ്തകത്തിൽ പോലും ഉൾപ്പെടുത്താൻ മാറി മാറി ഭരിക്കുന്നവർ തയ്യാറായിട്ടില്ല. ഗുരുദേവ സന്ദേശങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. വെള്ളറട ശ്രീനാരായണപുരം എസ്.എൻ.ഡി.പി ശാഖായോഗം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവ സന്ദേശങ്ങൾ വിദേശരാജ്യങ്ങൾ കൊടുക്കുന്ന പ്രാധാന്യം വലുതാണ്. നമ്മുടെ സ്കൂൾ, കോളേജ് പാഠപുസ്തകങ്ങളിൽ ഗുരുദേവ സന്ദേശങ്ങൾ വ്യാപകമായി ഉൾപ്പെടുത്തണം . എന്നാൽ മാത്രമേ യുവതലമുറയ്ക്ക് ഗുരുദേവന്റെ പ്രസക്തിയെകുറിച്ച് അറിയാൻ കഴിയുകയുള്ളുവെന്നും സ്വാമി സാന്ദ്രാനന്ദ വ്യക്തമാക്കി .
യോഗത്തിൽ നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കരമന ജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, മുൻ യോഗം ഡയറക്ട് ബോർഡ് അംഗം വൈ.എസ്. കുമാർ തുടങ്ങിയവർ സംസാരിച്ചു. ബിനു ജി സ്വാഗതവും ആർ. രഞ്ജു മാധവ് നന്ദിയും രേഖപ്പെടുത്തി. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും സ്വാമി സാന്ദ്രാനന്ദ നൽകി.