വിതുര: കാൻസർ ബാധിച്ച് ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന സുരാജിന് ചികിത്സ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് വാ‌ർഡിൽ കാണിയാരംകോട് മുത്തിക്കാവ് ആദിവാസി കോളനിയിൽ സുദേവന്റെയും രാജികയുടെയും മകനാണ് സുരാജ്. പനയ്ക്കോട് വി.കെ. കാണി ഗവ. ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ സുരാജിന്റെ രോഗവും ദുരിതാവസ്ഥയും ചൂണ്ടിക്കാട്ടി കേരളകൗമുദിയും ഫ്ലാഷും കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്നും സുരാജിന്റെ ബന്ധുക്കളെ വിളിച്ച് രോഗവിവരങ്ങൾ അന്വേഷിച്ചത്. ചികിത്സയെ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തിക്കണമെന്നും സഹായം ഉടൻ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുരാജിനെ സഹായിക്കുന്നതിനായി തൊളിക്കോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രകാശിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. സഹായത്തിനായി നെടുമങ്ങാട് ബാങ്ക് ഒഫ് ബറോഡ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 44980100006970, ഐ.എഫ്.എസ്.സി കോഡ് : BARB0NEDUMA. ഫോൺ: 7356131397.