തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങളിൽ സംവരണ അട്ടിമറിക്ക് ശ്രമം നടക്കുന്നതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.
വ്യത്യസ്ത രീതിയിൽ നിയമനങ്ങൾ നടത്തുന്നത് സംവരണം അട്ടിമറിക്കപ്പെടാൻ ഇടയാക്കുമെന്നതിനാൽ അദ്ധ്യാപക നിയമനങ്ങൾ ഏകീകൃത രീതിയിലാക്കണം. ഇപ്പോഴത്തെ നിയമന നടപടികൾ നിറുത്തിവയ്ക്കാൻ വി.സിമാർക്ക് നിർദ്ദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. .
കേരള, കാലിക്കറ്റ്, കൊച്ചി സർവകലാശാലകളിൽ വിവിധ വിഷയങ്ങളിലായി 76 പ്രൊഫസർ, 96 അസോസിയേറ്റ് പ്രൊഫസർ, 154 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കാണ് നിയമന നടപടികൾ തുടങ്ങിയത്. സംവരണ തസ്തികകൾ മുൻകൂട്ടി വെളിപ്പെടുത്തണമെന്ന യു.ജി.സി നിർദ്ദേശം അവഗണിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി സംവരണ തസ്തികകൾ വിജ്ഞാപനം ചെയ്യാതെയാണ് കാലിക്കറ്റിലെ നടപടികൾ. കേരള, കൊച്ചി സർവകലാശാലകൾ സംവരണ തസ്തികകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്.. ഉന്നത യോഗ്യതകളും ദീർഘകാല അദ്ധ്യാപന പരിചയവുമുള്ള സർവകലാശാലകളിലെയും സർക്കാർ കോളേജുകളിലെയും അദ്ധ്യാപകരെ ഒഴിവാക്കി രാഷ്ട്രീയ പിൻബലമുള്ള സ്വകാര്യ കോളേജ് അദ്ധ്യാപകർക്ക് നിയമനങ്ങളിൽ മുൻഗണന നൽകാനാണ് നീക്കമെന്നും കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പറഞ്ഞു.