മനുഷ്യർ മാത്രമല്ല മൃഗങ്ങളും ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. ചിമ്പാൻസി മുതൽ എലി വരെ ഇക്കൂട്ടത്തിൽപ്പെടും. ലെയ്‌ക എന്ന നായയാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്. ഹാം എന്ന ചിമ്പാൻസിയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഹൊമിനിഡ്. ബഹിരാകാശത്ത് എത്തിയവരുടെ കൂട്ടത്തിൽ ഒരു പൂച്ചയുമുണ്ടായിരുന്നു; ഫെലിസെറ്റ്. ബഹിരാകാശത്ത് എത്തി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയ ഒരേയൊരു പൂച്ചയാണ് ഫെലിസെറ്റ്. വെളുപ്പിൽ കറുത്ത പുള്ളികളോട് കൂടിയ ഒരു സുന്ദരി പൂച്ച. 1963 ഒക്ടോബർ 18നാണ് ഫെലിസെറ്റ് ബഹിരാകാശത്ത് എത്തിയത്.
ഫ്രഞ്ച് സ്‌പെയ്സ് ഏജൻസിയാണ് ഫെലിസെറ്റിനെ ബഹിരാകാശത്തേക്ക് അയച്ചത്. 14 പൂച്ചകളിൽ നടത്തിയ പരിശീലന പരിപാടികൾക്കൊടുവിലാണ് ഫെലിസെറ്റിനെ തിരഞ്ഞെടുത്തത്. ഭൂമിയിൽ നിന്നും 157 കിലോമീറ്റർ ഉയരത്തിലേക്കാണ് ഫെലിസെറ്റിനെയും വഹിച്ച് ബഹിരാകാശ പേടകം പറന്നത്. ഭൂമിയിൽ നിന്നും തിരിച്ചെത്തിയ ഫെലിസെറ്റിന്റെ ജീവിതം പിന്നീട് ഗവേഷണ പഠനങ്ങൾക്ക് വേണ്ടിയായിരുന്നു. ഭൂമിയിലെത്തി രണ്ട് മാസത്തിന് ശേഷം ഫെലിസെറ്റ് മരിച്ചു പോയി. ബഹിരാകാശയാത്ര നാഡീ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ ഗവേഷകർ ഫെലിസെറ്റിന്റെ തലയിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ചിരുന്നു. ഇത് നീക്കം ചെയ്‌തതോടെയാണ് ഫെലിസെറ്റ് വിടപറഞ്ഞത്.
ലെയ്‌കയ്‌ക്കും ഹാമിനും അർഹമായ സ്‌മാരകങ്ങളും അംഗീകാരങ്ങളും ലഭിച്ചപ്പോൾ തന്റെ യാത്ര പിന്നിട്ടിട്ട് 50 വർഷങ്ങൾ കഴിഞ്ഞിട്ടും ഫെലിസെറ്റിന് ഒരു സ്‌മാരകം ലഭിച്ചിരുന്നില്ല. ഒടുവിൽ 2017ൽ ഫെലിസെറ്റിന് വേണ്ടി ഒരു സ്‌മാരകം പണിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
അങ്ങനെ 5 അടി ഉയരമുള്ള ഫെലിസെറ്റിന്റെ വെങ്കല പ്രതിമ ഫ്രാൻസിലെ ഇന്റർനാഷണൽ സ്‌പെയ്സ് യൂണിവേഴ്സിറ്റിയിൽ അനാച്ഛാദനം ചെയ്‌തു. ഭൂമിയുടെ മുകളിൽ നക്ഷത്രങ്ങളെയും നോക്കിയിരിക്കുന്ന ഫെലിസെറ്റിന്റെ പ്രതിമയാണ് ഇവിടെയുള്ളത്. ലോകത്തിന്റെ പല ഭാഗത്തും ഫെലിസെറ്റിന്റെ ചിത്രത്തോട് കൂടിയ സ്‌റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.