chennithala
ramesh chennithala

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പൊലീസ് തലപ്പത്തെ വൻ അഴിമതി ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മൂടിവയ്ക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുതര ആരോപണങ്ങൾ സി.എ.ജി ചൂണ്ടിക്കാട്ടി ഇത്രദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല. പകരം ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് എല്ലാം ഭദ്രമെന്ന് റിപ്പോർട്ട് എഴുതി വാങ്ങിക്കുകയും മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുകയും ചെയ്തു. ക്രൈംബ്രാഞ്ച് മേധാവിയെക്കൊണ്ട് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എസ്.എ.പി ക്യാമ്പിൽ പരിശോധനാ നാടകം കളിപ്പിച്ച് തോക്കുകളെല്ലാം ഭദ്രമാണെന്ന് പറയിക്കുന്നു. സി.എ.ജി ആവർത്തിച്ച് ചോദിച്ചിട്ടും ഹാജരാക്കാൻ കഴിയാതിരുന്ന തോക്കുകളാണ് ഞൊടിയിടയിൽ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് മേധാവി പറയുന്നത്. എല്ലാം ഭദ്രമാണെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് നൽകിയ ദിവസം തന്നെയാണ് പേരൂർക്കട എസ്.എ.പി ക്യാമ്പിൽ വ്യാജവെടിയുണ്ടകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. അതോടെ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് പൊളിഞ്ഞു.
എസ്.ഐ മാർക്കും എ.എസ്.ഐമാർക്കും ക്വാട്ടേഴ്സുകൾ പണിയാൻ നീക്കി വച്ച തുക ഉപയോഗിച്ച് ഡി.ജി.പിക്കും എ.ഡി.ജ.പിമാർക്കും വില്ലകൾ പണിയുന്നതിനെപ്പറ്റിയുള്ള സി.എ.ജി റിപ്പോർട്ട് കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് യഥാർത്ഥ വസ്തുതകൾ മനസിലാക്കാൻ പ്രതിപക്ഷ നേതാക്കൾ സ്ഥലത്ത് പോയത്. ഒരു വില്ലയുടെയും അകത്ത് പോയില്ല. പുറത്ത് നിന്ന് നിർമ്മാണം കണ്ടതേയുള്ളൂ. ദൃശ്യമാദ്ധ്യമങ്ങൾ സന്ദർശനം ലൈവായി റിപ്പോർട്ട് ചെയ്തതാണ്. ഉദ്യോഗസ്ഥർ കുടുംബസമേതം താമസിക്കുന്ന വസതികളിൽ പ്രവേശിക്കാതിരിക്കാനുള്ള ഔചിത്യബോധം പ്രതിപക്ഷ നേതാക്കൾക്കുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ വിവാദത്തിന് ശ്രമിക്കുന്നത് ഭംഗിയല്ല. ഉദ്യോഗസ്ഥർ അഴിമതിയെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.