തിരുവനന്തപുരം: സെൻസർ ബോർഡിന്റെ ഇടപെടലിലൂടെ വിവാദമായ വെടിവഴിപാട് എന്ന ചിത്രമൊരുക്കിയ ശംഭു പുരുഷോത്തമന്റെ രണ്ടാമത്തെ ചിത്രമായ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന സാമൂഹ്യ ആക്ഷേപഹാസ്യ സിനിമയ്ക്ക് പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണം. ശംഭുവിന്റെ പുതിയ ചിത്രം മലയാളിയുടെ കപട സദാചാരബോധത്തിന് നേരെയുള്ള കണ്ണാടിയാണ്. വിവാഹേതര ബന്ധങ്ങളെ കണക്കിന് പരിഹസിക്കുന്ന സിനിമ സദാചാര സംരക്ഷകർ സ്വന്തം വീട്ടിലേക്ക് കൂടി നോക്കണമെന്ന സന്ദേശവും നൽകുന്നു.
സദാചാര സംരക്ഷണം അടക്കം സമൂഹത്തിലെ ചില കാപട്യങ്ങളെ തുറന്നു കാട്ടാനാണ് സംവിധായകന്റെ ശ്രമം. ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം കാര്യമല്ല, മറിച്ച് ഒരു സമൂഹത്തിന്റെയാകെ പരിച്ഛേദമാണെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. മദ്ധ്യ- വരേണ്യ- പ്രമാണി വിഭാഗത്തിലുള്ളവർ നടത്തുന്ന ആഡംബര വിവാഹങ്ങളേയും സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെയും ചിത്രം വേണ്ടുവോളം പരിഹസിക്കുന്നുണ്ട്.
യുവതാരം അരുൺ കുര്യനാണ് നായകനെങ്കിലും സ്ക്രീൻ സ്‌പേസ് കൂടുതലായി ലഭിച്ചിരിക്കുന്നത് റോയിയെ അവതരിപ്പിക്കുന്ന വിനയ് ഫോർട്ടിനാണ്. അരുണിന്റെ കഥാപാത്രമായ റോഹന്റെ സഹോദരനാണ് റോയ്. യുവനടി ശാന്തി ബാലചന്ദ്രനാണ് നായികയാവുന്നത്. ടിനി ടോം, സ്രിൻധ അർഹാൻ, അലൻസിയർ, മധുപാൽ, സൈജു കുറുപ്പ്, സുനിൽ സുഖദ, അനുമോൾ, അംബിക മോഹൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.