ksrtc

തിരുവനന്തപുരം: വാഹനാപകടങ്ങൾ കുറയ്ക്കാൻ വിദേശരാജ്യങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ നടപ്പിലാക്കുമ്പോൾ നമ്മൾ ഇപ്പോഴും നല്ലബുദ്ധി ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വർഷം മുമ്പ് നടപ്പിലാക്കുമെന്നു പറഞ്ഞ ജി.പി.എസ് സംവിധാനംപോലും ഇതുവരെ ആയിട്ടില്ല.

ഇരുചക്ര വാഹനങ്ങളും ആട്ടോറിക്ഷകളും ഒഴികെ ജി.പി.എസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (വി.എൽ.ടി.ഡി.) നിർബന്ധിതമാക്കാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നത്. ആറ് മാസം മുമ്പ് ജി.പി.എസ് ഘടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ടാക്സി തൊഴിലാളി സംഘടനകളും ബസ് ഉടമകളുടെ സംഘടനകളും എതിർപ്പുമായി എത്തി. തുടർന്ന് തീരുമാനം മരവിപ്പിച്ചു. കേന്ദ്രനിർദ്ദേശ പ്രകാരമുള്ള പദ്ധതി നടപ്പിലാക്കാനുള്ള അവസാന തീയതി പലവട്ടം നീട്ടിവച്ചു. കേരളം അശ്രദ്ധ കാട്ടിയെന്ന് കാണിച്ച് ഉപരിതല ഗതഗത വകുപ്പ് ഡിസംബറിൽ കത്തയച്ചു. ശേഷം രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കാൻ തീരുമാനിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയെങ്കിലും നടപ്പിലായോ എന്ന തരത്തിൽ പരിശോധനകൾ ഒന്നും നടന്നില്ല.

ജി.പി.എസ് ഘടിപ്പിച്ചതുകൊണ്ടു മാത്രം അപകടങ്ങൾ കുറയ്ക്കാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം. മറ്റു തൊഴിലുകൾ പോലെ ഡ്രൈവിംഗും എട്ടു മണിക്കൂറായി നിജപ്പെടുത്തണം. അത് നിരീക്ഷിക്കാൻ സംവിധാനം വേണം. അത്തരം സംവിധാനങ്ങൾ വിദേശ രാജ്യങ്ങളിലുണ്ട്. ജി.പി.എസുമായി ബന്ധപ്പെടുത്തുന്ന ഡ്രൈവർ യൂസർ കാർഡാണ് അതിലൊന്ന്. ഈ കാർഡുപയോഗിച്ചാലേ വാഹനം ഓടിക്കാൻ കഴിയൂ. എട്ടു മണിക്കൂറാകുമ്പോഴേക്കും വാണിംഗ് ബെൽ മുഴങ്ങും. അതു കഴിയുമ്പോൾ വണ്ടി നിറുത്താൻ ആവശ്യം വരും. പിന്നെയും ഓടിച്ചാൽ കൺട്രോൾ റൂമിൽ കിട്ടുന്ന സന്ദേശം അനുസരിച്ച് ഉദ്യോഗസ്ഥർക്ക് വണ്ടി തടയാൻ സാധിക്കും.

ഇതൊക്കെ നടപ്പിലാകണമെങ്കിൽ ആദ്യപടിയായി ജി.പി.എസ് വയ്ക്കേണ്ട! ജി.പി.എസിനെതിരെ സമരം നടത്തിയ സംഘടനകളാണ് ഗതാഗത രംഗത്ത് ഇപ്പോഴും പ്രബലം!

ബോധവത്കരണം തന്നെ ശരണം

രാത്രികാല അപകടങ്ങൾ ഇല്ലാതാക്കാൻ രാത്രികാല പട്രോളിംഗ് ശക്തമാക്കാനും ബോധവത്കരണം നടത്താനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങൾ നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ വേഗതയിലാണ് പായുന്നതെങ്കിൽ കർശന നടപടി എടുക്കും.

കേന്ദ്രസർക്കാർ വരുത്തിവച്ച കുഴപ്പം

നാഷണൽ പെർമിറ്റ് വാഹനം ഓടിക്കാൻ രണ്ട് ഡ്രൈവർ നിർബന്ധമാക്കിയിരുന്ന വ്യവസ്ഥ കേന്ദ്ര നിയമത്തിൽ നിന്നു ഒഴിവാക്കിയതാണ് ഇത്തരത്തിലുള്ള വാഹനങ്ങൾ കൂടുതൽ അപകടങ്ങളിലേക്ക് ചെന്നുചാടാൻ കാരണം.