തിരുവനന്തപുരം: പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് 12061 വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ കൂടുതൽ പൊലീസുകാരെ പ്രതിയാക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനടക്കം 11 പൊലീസുകാരാണ് നിലവിൽ പ്രതികൾ. വെടിയുണ്ടകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന ഏതാനും പൊലീസുകാർക്ക് മൊഴിയെടുക്കുന്നതിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. വിവിധ ജില്ലകൾക്ക് കൈമാറിയ വെടിയുണ്ടയുടെയും പൊലീസ് വാങ്ങിയ വെടിയുണ്ടകളുടെയും കണക്ക് നൽകാൻ പൊലീസ് ചീഫ് സ്റ്റോറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പേരൂർക്കട പൊലീസ് നേരത്തെ പ്രതിചേർത്ത 11 പേരിൽ നിന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തു. വിവിധ കാലങ്ങളിൽ വെടിയുണ്ട സൂക്ഷിക്കുന്നതിന് ചുമലതലപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുക്കും. പൊലീസ് ചീഫ് സ്റ്റോറിൽ നിന്ന് വിവിധ പൊലീസ് ജില്ലകൾക്ക് നൽകിയ വെടിയുണ്ടകളുടെ വിവരങ്ങളും ജില്ലകളിൽ ഉപയോഗിച്ചവയുടെ കണക്കും താരതമ്യം ചെയ്യും. വെടിയുണ്ടകളിൽ കുറവ് വന്നത് എപ്പോഴാണെന്ന് കണ്ടെത്തി ആസമയത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനിൽ നിന്ന് മൊഴിയെടുക്കും.
കഴിഞ്ഞ ദിവസം എസ്.എ.പി ക്യാമ്പിൽ നിന്ന് കണ്ടെടുത്ത സ്പെഷ്യൽ ആംഡ് പൊലീസിന്റെ മുദ്ര വെടിയുണ്ടയുടെ ഒഴിഞ്ഞ കൂട് ഉരുക്കി നിർമ്മിച്ചതാണോയെന്ന് ഫോറൻസിക് ഫലം വന്നാലേ ഉറപ്പിക്കാനാകൂവെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. പരിശോധനാഫലം വന്ന ശേഷം അതുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ അറസ്‌റ്റുമുണ്ടാകും. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ നിന്ന് 350 വ്യാജ ഉണ്ടകൾ ലഭിച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും.