vava-suresh

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് മെഡിക്കൽ കോളേജ് ചികിത്സയിലായിരുന്ന വാവ സുരേഷ് ഇന്നലെ വൈകിട്ട് മൂന്നരയോടെ ആശുപത്രി വിട്ടു. ഡോക്ടർമാർ രണ്ടാഴ്ചയോളം വിശ്രമം പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നു മുതൽ പാമ്പ് പിടിക്കാനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. 13ന് പത്തനംതിട്ട കലഞ്ഞൂർ ഇടത്തറയിലെ ഒരു വീട്ടിൽ നിന്ന് പിടിച്ച അണലിയുമായി തിരികെവരവെയാണ് സുരേഷിന്റെ കടിയേറ്റത്

മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ മൾട്ടി ഡിസിപ്ലിനറി തീവ്രപരിചരണ വിഭാഗത്തിലും പേ വാർഡിലുമായി രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. മന്ത്രി കെ.കെ ശൈലജ ഇടപെട്ട് സൗജന്യ ചികിത്സ ലഭ്യമാക്കി. കേന്ദ്രമന്തി വി. മുരളീധരൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, നടൻ പ്രേംകുമാർ തുടങ്ങി നിരവധിപേർ സുരേഷിനെ സന്ദർശിക്കാനെത്തിയിരുന്നു. പതിനൊന്നാം തവണയാണ് വാവ പാമ്പുകടിയേറ്റ് ആശുപത്രിയിലാവുന്നത്.

എനിക്ക് നൽകിയത് വി.വി.ഐ.പി ചികിത്സയായിരുന്നു. അതും സൗജന്യമായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ഇന്നലെവരെയുള്ള കാര്യങ്ങളെല്ലാം ആരോഗ്യമന്ത്രി ശൈലജടീച്ചർ ഡോക്ടറുമായി നേരിട്ട് സംസാരിച്ചിരുന്നു. ഡോക്ടർമാരുടെ ഫോൺ വഴി തന്നോടും ടീച്ചർ സംസാരിച്ചു. ആശുപത്രിയിൽ എത്തിയദിവസം മുതൽ തന്റെ ആരോഗ്യം വീണ്ടെടുക്കാൻ അക്ഷീണം പ്രവർത്തിച്ച ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, നേഴ്‌സുമാർ മറ്റ് ജീവനക്കാർക്കെല്ലാം നന്ദി അറിയിക്കുന്നു.

- വാവ സുരേഷ്.