തിരുവനന്തപുരം: കരമനയാറ്റിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ. പരീക്ഷാപ്പേടി മൂലമുള്ള ആത്മഹത്യയെന്ന പൊലീസ് നിഗമനം ബന്ധുക്കൾ തള്ളി. ഈ മരണം ഐജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചിരിക്കുകയാണ്.
കരമന നെടുങ്കാട് സ്വദേശിയും പ്ലസ്‌വൺ വിദ്യാർഥിയുമായ അഭിജിത്തിനെ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കാണാതായിരുന്നു. പിറ്റേദിവസം വൈകിട്ട് കരമനയാറ്റിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷയിലുള്ള ഭയംമൂലം ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. ഇത് വീട്ടുകാർ പൂർണമായും തള്ളിക്കളയുന്നു.
വീട്ടിൽ നിന്ന് ടീ ഷർട്ടും ബർമൂഡയും ധരിച്ചാണ് ഇറങ്ങിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായെങ്കിലും മൃതദേഹം ലഭിച്ചപ്പോൾ പൂർണ നഗ്‌നനായിരുന്നു. ഇതാണ് ദുരൂഹതയുടെ മറ്റൊരു കാരണം.കുട്ടി ധരിച്ച ബർമുഡ, ബനിയൻ, കണ്ണട, ചെരുപ്പ് എന്നിവ മൃതദേഹത്തലോ സമീപത്തോ ഉണ്ടായിരുന്നില്ല.മൃതദേഹം കണ്ട ഭാഗത്തേക്ക് അഭിജിത്ത് ഒറ്റയ്ക്ക് നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും പോസ്റ്റുമോർട്ടം റപ്പോർട്ട് ആത്മഹത്യയെന്ന് വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.