തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ രണ്ടാമത്തെ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് ആറ് വിദ്യാർത്ഥികൾ കൂടണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതിന് കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ
(കെ.ഇ.ആർ )ഭേദഗതി വരുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശുപാർശ സമർപ്പിച്ചു.
എയ്ഡഡ് എൽ.പി സ്കൂളുകളിൽ 30 കുട്ടികൾക്ക് ശേഷം ഒരാൾ വർദ്ധിച്ചാൽ രണ്ടാമത്തെ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കാനാണിത്. പകരം 35 വരെ കുട്ടികൾക്ക് ഒരു ഡിവിഷനെന്ന രീതി നടപ്പാക്കാം.ഒരു വിദ്യാർത്ഥി വർദ്ധിച്ചാൽ പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർനടപടിയായി ധനവകുപ്പാണ് വിദ്യാഭ്യാസ വകുപ്പിന് ഈ നിർദ്ദേശം നൽകിയത്..
എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ നിയമനാംഗീകാരം എ.ഇ.ഒ/ഡി.ഇ.ഒ തലത്തിൽ നിന്ന് മാറ്റി സർക്കാറിൽ നിക്ഷിപ്തമാക്കാനും ഡി.ജി.ഇയുടെ ശുപാർശയുണ്ട്.150ൽ കൂടുതൽ കുട്ടികളുള്ള എൽ.പി സ്‌കൂളുകളിലും 100ൽ കൂടുതൽ കുട്ടികളുള്ള യു.പി സ്‌കൂളുകളിലും പ്രഥമാദ്ധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കി എൽ.പി.എസ്.ടി/ യു.പി.എസ്.ടി അധിക തസ്തിക അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്നും ശുപാർശയിൽ പറയുന്നു.
ഡിവിഷൻ മാറ്റം
ഒന്നു മുതൽ അഞ്ചു
വരെ ക്ലാസുകളിൽ:
35 വരെ കുട്ടികൾക്ക് ഒരു ഡിവിഷൻ
36 മുതൽ 65 വരെ രണ്ട്
66 മുതൽ 95 വരെ മൂന്ന്
96 മുതൽ 125 വരെ നാല്
126 മുതൽ 205 വരെ അഞ്ച്
206 മുതൽ 245 വരെ ആറ്
246 മുതൽ 285 വരെ ഏഴ്
ആറ് മുതൽ എട്ടു
വരെ ക്ലാസുകളിൽ:
40 വരെ കുട്ടികൾക്ക് ഒരു ഡിവിഷൻ
41 മുതൽ 75 വരെ രണ്ട്
76 മുതൽ 110 വരെ മൂന്ന്
111 മുതൽ 145 വരെ നാല്
അധിക തസ്തിക
അനുവദിക്കുന്നത്
ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അധിക ഡിവിഷനോ/തസ്തികക്കോ അർഹതയുണ്ടെങ്കിൽ ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ തസ്തിക നിർണയം പൂർത്തിയാക്കി 10 ദിവസത്തിനകം ഫയൽ സമന്വയ സോഫ്‌റ്റ്വെയറിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ വഴി സർക്കാറിന് സമർപ്പിക്കണം. സർക്കാർതല പരിശോധനയ്ക്കു ശേഷം അർഹതയുണ്ടെന്ന് കണ്ടാൽ 15 ദിവസത്തിനുള്ളിൽ അധിക തസ്തിക അനുവദിക്കണം.
അധിക തസ്തികക്ക് അർഹതയുള്ള എയ്ഡഡ് സ്‌കൂളുകളിലേക്ക് ജൂലായ് 15 മുതൽ തസ്തിക അനുവദിക്കുന്നത് വരെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ സംരക്ഷിത അദ്ധ്യാപകരെ പുനർവിന്യസിക്കണം. സർക്കാർ സ്‌കൂളുകളിൽ ഇത്തരം ഒഴിവുകളിൽ ദിവസവേതനത്തിന് മാത്രമേ നിയമനം നടത്താവൂ. നിയമനാംഗീകാര നടപടികളിൽ നിലവിലുള്ള അപ്പീൽ നടപടികൾ അവസാനിപ്പിച്ച് റിവ്യൂ അനുവദിക്കണം. എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നടത്തിയാൽ 15 ദിവസത്തിനകം മാനേജർ പ്രൊപ്പോസൽ എ.ഇ.ഒ/ഡി.ഇ.ഒക്ക് സമർപ്പിക്കണം. പ്രൊപ്പോസൽ പരിശോധിച്ച് റിപ്പോർട്ട് സഹിതമാണ് എ.ഇ.ഒ/ഡി.ഇ.ഒമാർ സർക്കാറിലേക്ക് സമർപ്പിക്കേണ്ടത്.