കാട്ടാക്കട: വർഷങ്ങൾക്ക് മുമ്പ് സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച ക്ഷേത്രത്തിൽ ശിവരാത്രി ദിവസമായ ഇന്നലെ പൂജ നടത്താനെത്തിയ ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം. പൊലീസ് വിലക്ക് മറികടന്ന് പൂജ നടത്തിയതിനിടെയുണ്ടായ സംഘർഷത്തിൽ ദേശാഭിമാനി ലേഖകൻ പി.എസ്. പ്രഷീദിന് പരിക്കേറ്റു. ഇന്നലെ നെയ്യാർഡാം മരക്കുന്നത്താണ് സംഭവം. തർക്കത്തെ തുടർന്ന് ക്ഷേത്രം ഉപേക്ഷിച്ചുപോയിരുന്നിടത്ത് ശിവരാത്രി ദിനത്തിൽ ആർ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പൊങ്കാലയിടാൻ എത്തുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പുലർച്ചെ മുതൽ കാട്ടാക്കട താലൂക്ക് ഭൂരേഖ തഹസിൽദാർ മധുസൂദനൻ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എ‍ൻജിനിയർ പി.എസ്. വിനോദ് എന്നിവരുടെ നേതൃത്തിലുള്ള ഉദ്യോഗസ്ഥ സംഘവും നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെത്തിയ സംഘത്തെ ആദ്യം പൊലീസ് തടഞ്ഞു. പിന്നീട് മന്ത്രോച്ചാരണങ്ങളുമായി പ്രവർത്തകർ പ്രതിഷേധം തുടങ്ങി. ഇതിനിടെ നൂറോളം സ്ത്രീകൾ പൊങ്കാലയിടുന്നതിനായി സ്ഥലത്തെത്തി. ക്ഷേത്രം തുറക്കാൻ എത്തിയവരും പൊലീസും തഹസിൽദാരും നടത്തിയ ചർച്ചയിൽ ക്ഷേത്ര പരിസരത്ത് പൊങ്കാലയിട്ട് മടങ്ങാമെന്ന ധാരണയിൽ 200 മീറ്റർ അകലെ പൊങ്കാലയിട്ടു. ഇതിനിടെ നിരവധി ആർ.എസ്.എസ്,​ ബി.ജെ.പി പ്രവർത്തകർ സ്ഥലത്തെത്തി ധാരണ തെറ്റിച്ച് ക്ഷേത്രം തുറന്ന് പൂജ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇവർ പത്രപ്രവർത്തകനെ ആക്രമിച്ചത്. പരിക്കേറ്റ പ്രഷീദിനെ കാട്ടാക്കട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർഷങ്ങളായുള്ള തർക്കം

----------------------------------------

ജലസേചന വകുപ്പിന്റെ അധീനതയിലുള്ള വാഴിച്ചൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 32ൽ റീസർവേ 1ൽപ്പെട്ട ഭൂമി ചേങ്കോട്ടുകോണം ആശ്രമത്തിന്റെ വകയാണെന്നും ഇവിടെ ആരാധന നടത്താൻ അനുവദിക്കണമെന്നും കാണിച്ച് മിഷൻ പ്രസി‍‍ഡന്റ് സ്വാമി ബ്രഹ്മ പാദാനന്ദ സരസ്വതി തിരുവനന്തപുരം സബ് കളക്ടർക്ക് രണ്ട് വർഷം മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ ഈ ഭൂമി തലസ്ഥാന നഗരത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കാൻ വാട്ടർ അതോറിട്ടിക്ക് കൈമാറിയിട്ടുണ്ട്. അതിനാൽ ആരാധന നടത്താൻ നിർവാഹമില്ലെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തവിട്ടു.

സർക്കാർ ഭൂമിയാണിത്: ഇറിഗേഷൻ വകുപ്പ്

------------------------------------------------------------------------

ഇറിഗേഷൻ വക ഭൂമി വാട്ടർ അതോറിട്ടിക്ക് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നൽകിയതാണ്. ഇത് റവന്യൂ വകുപ്പ് ഇറിഗേഷൻ വക ഭൂമിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനനഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പണികൾ പുരോഗമിക്കുകയാണ്. ഇതിനെ അട്ടിമറിക്കാനാണ് ശ്രമം

പി.എസ്.വിനോദ്,​ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എ‍ൻജിനിയർ

ക്ഷേത്രം നിലനിറുത്തണം: ഹിന്ദു ഐക്യവേദി

--------------------------------------------------------------

30 വർഷമായി കുന്നിൽ മഹാദേവ ക്ഷേത്രം പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്രം തകർത്തുകൊണ്ട് പ്ലാന്റ് സ്ഥാപിക്കാനാണ് ശ്രമം. ക്ഷേത്രം നിലനിറുത്താൻ സർക്കാർ ഇടപെടണമെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ഹിന്ദു ഐക്യവേദി കാട്ടാക്കട താലൂക്ക് പ്രസിഡന്റ് എസ്. ബിജുകുമാർ പറഞ്ഞു.

കർശന നടപടി വേണം

----------------------------------------

ഇറിഗേഷൻ ഭൂമി കൈയേറി പൂജ നടത്താനുള്ള ശ്രമം തടയാൻ ശ്രമിച്ച പൊലീസിന് നേരെയുള്ള സംഘർഷത്തിൽ സ്ഥലത്തുണ്ടായിരുന്ന ദേശാഭിമാനി ലേഖകൻ പി.എസ്. പ്രഷീദിനെ ആക്രമിച്ച പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി. സ്റ്റീഫൻ ആവശ്യപ്പെട്ടു.