തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടരുതെന്ന് ഇടതുമുന്നണി നിർദ്ദേശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ വെള്ളക്കരം 30 ശതമാനം കൂട്ടേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി യോഗത്തിൽ പറഞ്ഞു. എന്നാൽ ഡൽഹിയിലും മറ്റും വെള്ളക്കരം പൂർണമായി ഒഴിവാക്കുമ്പോൾ ഇവിടെ കൂട്ടുന്നത് ശരിയല്ലെന്ന് മുന്നണിയോഗത്തിൽ അഭിപ്രായമുയർന്നു. ഇതോടെയാണ് വെള്ളക്കരം കൂട്ടേണ്ടെന്ന നിലപാടിലെത്തിയതെന്ന് മുന്നണി യോഗ ശേഷം കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുട്ടനാട് സീറ്റ് എൻ.സി.പിക്ക് തന്നെ
തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് നിയമസഭാ സീറ്റിൽ എൻ. സി.പി തന്നെ മത്സരിക്കും. ഇക്കാര്യം ഇന്നലെ ചേർന്ന ഇടതുമുന്നണിയോഗം അംഗീകരിച്ചു. സ്ഥാനാർത്ഥിയെ എൻ.സി.പി തീരുമാനിക്കും. കുട്ടനാട് സി. പി. എം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുന്നണി കൺവീനർ പറഞ്ഞു.