നെടുമങ്ങാട്: അരുവിക്കര ഗ്രാമപഞ്ചായത്ത് വൃദ്ധജനങ്ങളുടെയും കുട്ടികളുടെയും പരിചരണത്തിനും ക്ഷേമത്തിനുമായി കളത്തുകാൽ കാവിൻപുറത്ത് നിർമ്മിച്ച പകൽ വീടും 3 -ജി അംഗണവാടിയും ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിക്കും.കളത്തുകാൽ സ്വദേശിയും സി.ജി.എം ഫൗണ്ടറുമായ എസ്.നേശമണി സൗജന്യമായി നൽകിയ 6.5 സെന്റ് സ്ഥലത്ത് വനിതാ,ശിശു വികസന വകുപ്പും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും ചേർന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് ഇവ നിർമ്മിച്ചത്.വീടുകളിൽ പകൽ സമയത്ത് ഒറ്റപ്പെട്ട് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒത്തുകൂടുന്നതിനായാണ് പകൽവീട് ആരംഭിക്കുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ ബി.ഷാജു പറഞ്ഞു.ഹാൾ,അടുക്കള, ശൗചാലയം, ഓഫീസ്, സ്റ്റോർ റൂം എന്നിവയും വാഹന സൗകര്യവും പകൽവീട്ടിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം സൗജന്യമാണ്.
ആദ്യഘട്ടത്തിൽ 20 പേർക്കുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. 50 പേർക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. വിശ്രമത്തിനോടൊപ്പം വിനോദത്തിനും കൈത്തൊഴിൽ പരിശീലനത്തിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ശബരിനാഥൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു വാർഡ് സേവാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി സ്വാഗതം പറയും.