തിരുവനന്തപുരം: രാജ്യത്ത് നിഷ്പക്ഷതയുള്ള നീതിന്യായ വ്യവസ്ഥ അവശേഷിക്കുന്നുവെങ്കിൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ. തിരുവനന്തപുരത്ത് മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ‘ പൗരത്വ വിഷയത്തിലെ നിയമതലങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏകീകൃത സിവിൽ കോഡിലേക്കും ഹിന്ദു രാഷ്ട്രത്തിലേക്കും ഇന്ത്യയെ കൊണ്ടുപോകാനുള്ള നീക്കത്തിന്റെ പരീക്ഷണമാണ് പൗരത്വഭേദഗതി നിയമം. ആര് എതിർത്താലും പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന് പറയുന്ന നരേന്ദ്രമോദിയും അമിത് ഷായും ഭരണഘടനയെയും ജുഡിഷ്യറിയെയും വെല്ലുവിളിക്കുകയാണ്. ബാബറി മസ്ജിദ്, കശ്മീർ കേസുകളിലെ വിധി ജുഡിഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ജാമിഅ മിലിയ സർവകലാശാലയിൽ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ ഇടപെടാതിരുന്ന കോടതി നടത്തിയ പരാമർശം മുൻവിധിയോടെ കാര്യങ്ങളെ വീക്ഷിക്കുന്നുവെന്നതിന്റെ സൂചനയാണ്. ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) നടപ്പാക്കുന്നത് ദേശീയ പൗരത്വ പട്ടികയുടെ മുന്നോടിയായിട്ടാണെന്നും ഹാരിസ് ബീരാൻ പറഞ്ഞു. മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ അദ്ധ്യക്ഷത വഹിച്ചു. ഇ.എം. നജീബ്, എ. ഖാജ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.