അധോലോകനായകനാണ് ബദൻ സിംഗ് ബദ്ദോ. കേസുകളുടെ പെരുമ്പറയാണ് ഈ ജീവിതത്തിൻെറ തിളക്കം. പൊലീസും കേസെന്നും കേട്ടാൽ ബദ്ദോ ചിരിക്കും. വെട്ടിന് വെട്ട്, കൊലയ്ക്ക് കൊല. അതാണ് ബദ്ദോയുടെ മുദ്രാവാക്യം. അവിടെ പൊലീസും പട്ടാളവുമെല്ലാം നോക്കുകുത്തിയായി നിൽക്കും. യു.പിയിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ബദ്ദോയുടെ പേര് കേട്ടാൽ പൊലീസ് പോലും വിറയ്ക്കും. അല്ലെങ്കിൽ വിറപ്പിക്കും. ഒരു അഭിഭാഷകനെ കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഈ 52 കാരൻ പൊലീസിനെ വെട്ടിച്ച് മുങ്ങി. അതിവിദഗ്ദമായി. അങ്ങനെ മുങ്ങിയ ഇയാളെ കണ്ടെത്താൻ 2.5 ലക്ഷം രൂപയാണ് പൊലീസ് ഇയാളുടെ തലയ്ക്കിട്ടിരിക്കുന്നത്. തന്നെ കണ്ടെത്തുന്നവർക്ക് പൊലീസ് നൽകുന്ന വില കണ്ട് ബദ്ദോ ചിരിക്കുന്നു. പൊലീസേ ഞാൻ ഇവിടെയുണ്ട്. പിടിക്കാമെങ്കിൽ പിടിച്ചോ എന്ന് ഫേസ്ബുക്കിലൂടെ പോസ്റ്റിട്ട് പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്.
ബദ്ദോ എന്ന ഒറ്റയാൻ ഡോണിനെ വലയിലാക്കാൻ പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. നെതർലൻഡിലെ തീരപ്രദേശമായ റോട്ടർഡാമിലാണ് താൻ എന്ന ബദ്ദോയുടെ ഫേസ്ബുക്കിൽ സ്‌റ്റാറ്റസാണ് ഇപ്പോൾ അന്വേഷണോദ്യോഗസ്ഥരെ കുഴപ്പിച്ചിരിക്കുന്നത്.
എന്നാൽ അന്വേഷണത്തിന്റെ ഗതി മാറ്റാനുള്ള ബദ്ദോയുടെ തന്ത്രമാണിതെന്നാണ് പൊലീസിന്റെ അഭിപ്രായം. ഏതായാലും സൈബർ സെല്ലും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാർച്ചിലാണ് ബദ്ദോ പൊലീസിന്റെ കൈയിൽ നിന്നും വഴുതി പോയത്. ബദ്ദോയുടേതെന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ ഫെബ്രുവരി 4നാണ് നോട്ടർഡാം സിറ്റിയിലാണെന്നുള്ള സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടത്. പക്ഷേ, ഫേസ്ബുക്കിൽ അങ്ങനെയൊരു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും സാധിക്കും. എന്നാൽ ശരിക്കും ബദ്ദോ ഇന്ത്യയിൽ നിന്നും കടന്നു കളഞ്ഞോ? ആരാണ് ബദൻ സിംഗ് ബദ്ദോ?
രക്ഷപ്പെടൽ
2.5 ലക്ഷം രൂപയാണ് ബദ്ദോയുടെ തലയ്‌ക്കിട്ടിരിക്കുന്ന വില. ഗാസിയാബാദിലെ രവീന്ദർ സിംഗ് എന്ന അഭിഭാഷകന്റെ കൊലയുമായി ബന്ധപ്പെട്ട് ബദ്ദോയ്‌ക്ക് ജീവപര്യന്തം ശിക്ഷിച്ചിരുന്നു. എന്നാൽ മറ്റൊരു കേസിൽ ഹാജരാക്കാനായി കഴിഞ്ഞ മാർച്ച് 28ന് ഫത്തേഗാർഹ് ജയിലിൽ നിന്നും ഗാസിയാബാദ് കോടതിയിലേക്ക് കൊണ്ടുപോയി. യാത്രാമദ്ധ്യേ മീററ്റിലെ മുകുത് മഹൽ ഹോട്ടലിൽ കൂടെയുണ്ടായിരുന്ന പൊലീസുകാർക്ക് ബദ്ദോ ആഹാരം വാഗ്ദാനം ചെയ്‌തു. ബദ്ദോ ഈ ഹോട്ടലിൽ തൻെറ സുഹൃത്തുക്കൾ മുഖേന നേരത്തെ പണം നൽകി ആഹാരങ്ങളും മറ്റും ഇടപാട് ചെയ്തിരുന്നു. അതിൻെറ പൊരുൾ കൂടെപോയ മണ്ടൻമാരായ പൊലീസുകാർക്ക് മനസിലായില്ല. ബദ്ദോയുടെ സ്നേഹ വാഗ്ദാനത്തിൽ പൊലീസുകാർ വീണു. ഹോട്ടലിൽ ആറ് പൊലീസുകാർക്കും നൽകിയത് ഉറക്കമരുന്ന് കലർത്തിയ മദ്യമായിരുന്നു. ഇതറിയാതെ കഴിച്ച പൊലീസുകാർ ഉറങ്ങി വീണതും ബദ്ദോയും കൂട്ടാളികളും ഒരു സാൻട്രോ കാറിൽ മീററ്റിൽ നിന്നും രക്ഷപ്പെട്ടു. ഡൽഹി ക്രൈംബ്രാഞ്ച് ബദ്ദോയുടെ മൂന്ന് കൂട്ടാളികളെ പിടികൂടിയിരുന്നു.
ആഡംബര ജീവിതം
ബുള്ളറ്റ് പ്രൂഫ് ബി.എം.ഡബ്ലൂ, സി.സി.ടി.വി സുരക്ഷയോടെ ശീതികരിച്ച മാളിക, ലൂയിസ് വീടോൺ ഷൂസ്, വിദേശ നിർമിത പിസ്‌റ്റൽ... ബോളിവുഡ് സിനിമകളിലെ ഡോണുകളെ പോലെയായിരുന്നു യു.പിയിലെ കൊടും ക്രിമിനൽ ബദൻ സിംഗ് ബദ്ദോയുടെ ജീവിതവും കുറ്റകൃത്യങ്ങളും. ഏഴ് കൊലപാതകങ്ങൾ ഉൾപ്പെടെ 50 ഓളം കേസുകളാണ് രാജ്യത്തിന്റെ പലഭാഗത്തും ബദ്ദോയുടെ പേരിലുള്ളത്. താനാണ് ഏറ്റവും വലിയവൻ എന്ന ഭാവമുള്ള ബദ്ദോ ആഡംബര ജീവിതത്തെ അങ്ങേയറ്റം പ്രണയിച്ചു. 8ാം ക്ലാസ് വരെ പഠിച്ച ബദ്ദോ തനിക്ക് ഇംഗ്ലീഷ് അറിയാമെന്ന് ധരിപ്പിക്കാനായി 15 - 20 വരികൾ കാണാപ്പാഠമാക്കി വച്ചിരുന്നു. സോഷ്യൽ മീഡിയയോടും ബദ്ദോയ്‌ക്ക് ഒരു ആവേശമാണ്. മറ്റുള്ളവർക്ക് പ്രചോദനമേകുന്ന സന്ദേശങ്ങളും ചിത്രങ്ങളും ബദ്ദോയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കാണാം. ബദൻ സന്ദു എന്ന പേരിൽ ധനികനായ ഒരു ബിസിനസുകാരന്റെ രൂപത്തിലാണ് ബദ്ദോ ഫേസ്ബുക്കിൽ അവതരിച്ചത്. വിലകൂടിയ കോട്ടും സ്യൂട്ടുമണിഞ്ഞ് സൺഗ്ലാസുമായി സ്‌റ്റൈലൻ ലുക്കിൽ നില്‌ക്കുന്ന ബദ്ദോയെ കണ്ടാൽ കൊടുംക്രിമിനൽ ആണെന്ന് പറയുകയേ ഇല്ല. മൂന്ന് ദശാബ്‌ദങ്ങൾക്ക് മുമ്പാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ബദ്ദോ കടക്കുന്നത്.
ബിസിനസിലൂടെ തുടക്കം
1970കളുടെ അവസാനം... പഞ്ചാബിൽ നിന്നും മീററ്റിലെ ബേരിപൂരിലേക്ക് കുടിയേറിയതാണ് ബദ്ദോയുടെ പിതാവ് ചരൺ സിംഗ്. കുടുംബം പുലർത്താൻ ചരൺ സിംഗ് ഏറെ പാടുപെട്ടിരുന്നു. കാറുകളിലും ട്രക്കുകളിലും ഡ്രൈവറായി ജോലി തുടങ്ങിയ ചരൺ ഒടുവിലെത്തിയത് സ്വന്തം വാഹന വ്യവസായത്തിലേക്കാണ്. ഏഴ് സഹോദരൻമാരിൽ ഏറ്റവും ഇളയവനാണ് ബദ്ദോ. ബിസിനസിൽ പിതാവും മൂത്ത സഹോദരൻ കിഷൻ സിംഗുമായിരുന്നു ബദ്ദോയുടെ വഴികാട്ടി. ബിസിനസിലൂടെയാണ് ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ബദ്ദോ ചങ്ങാത്തത്തിലാകുന്നത്. മീററ്റിലെ ക്രിമിനലുകൾ ബദ്ദോയുടെ അടുപ്പക്കാരായി. ബദ്ദോയ്‌ക്ക് 40 വയസായപ്പോഴേക്കും ആറ് സഹോദരൻമാരെയും നഷ്‌ടപ്പെട്ട് കഴിഞ്ഞിരുന്നു.
പത്ത് വർഷത്തിനു മുമ്പ് നടന്ന ഒരു വാഹനാപകടത്തിലാണ് ബദ്ദോയുടെ മൂത്ത സഹോദരൻ കിഷൻ മരിച്ചത്. മൂന്ന് സഹോദരൻമാർ ചെറുപ്പത്തിൽ തന്നെ മരിച്ചു. ബദ്ദോയുടെ ഭാര്യയും മക്കളും ഇയാളിൽ നിന്നും അകന്ന് ഓസ്ട്രേലിയയിലാണ് കഴിയുന്നതെന്നാണ് വിവരം.
കുറ്റകൃത്യത്തിലേക്ക്
1980കളുടെ അവസാനം... അന്ന് ബദ്ദോയ്‌ക്ക് പ്രായം 30ൽ താഴെയായിരുന്നു. യു.പിയുടെ പലഭാഗങ്ങളിലേക്കും മദ്യം കടത്തലായിരുന്നു ബദ്ദോയുടെ പ്രധാന തൊഴിൽ. മീററ്റിൽ തുടങ്ങിയ ഈ കള്ളക്കടത്ത് പിന്നീട് ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ആന്ധ്രായിൽ ബദ്ദോയ്ക്കെതിരെ ഒരു ബാങ്ക് കവർച്ചാ കേസും രജിസ്‌റ്റർ ചെയ്തിരുന്നു.
പടിഞ്ഞാറൻ യു.പിയിലെ രവീന്ദർ ഭൂര എന്ന ഗാംങ്ങ്സ്‌റ്ററിന്റെ അടുത്തയാളായതാണ് ബദ്ദോയുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. കള്ളക്കടത്തിന് പുറമേ കവർച്ച, ആഡംബര കാറുകളുടെ വില്പന, മയക്കുമരുന്ന്, ഭൂമി തട്ടിപ്പ് തുടങ്ങിയവയിലും ബദ്ദോ ഡിഗ്രിയെടുത്തിരുന്നു. ഉത്തർപ്രദേശിലെ പല ഗാങ്ങ്സ്‌റ്റർമാരുമായും ബദ്ദോ സഖ്യം രൂപീകരിച്ചു. ഗുരുവായ രവീന്ദർ ഭൂര 2007ൽ കൊല്ലപ്പെട്ടതോടെ 10 കൊലക്കേസുകളിൽ പ്രതിയായ സുശീൽ മൂച് എന്ന ഗാംങ്ങ്സ്‌റ്ററുമായി ബദ്ദോ കൈകോർത്തു. ബദ്ദോ പൊലീസിനെ വെട്ടിച്ച് കടന്നതിന് രണ്ട് ദിവസങ്ങൾക്കുശേഷം സുശീൽ മൂച് മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയിരുന്നു. ബിസിനസ് തർക്കത്തെ തുടർന്ന് 1988ൽ ബദ്ദോ രാജ്കുമാർ എന്നയാളെ പട്ടാപ്പകൽ നടുറോഡിൽ വെടിവച്ച് കൊന്നിരുന്നു.
രവീന്ദർ സിംഗ് കൊലപാതകം
അഭിഭാഷകനായ രവീന്ദർ സിംഗിന്റെ കുടുംബ സുഹൃത്തായിരുന്നു മീററ്റിലെ വിജയന്ത് ഗ്യാസ് സർവീസിന്റെ ഉടമ പവൻ സോണി. സോണി ബദ്ദോയുടെ അയൽക്കാരനായിരുന്നു. ഒരിക്കൽ സോണിയുടെ കടയിലെത്തിയ രവീന്ദർ അവിടെയുണ്ടായിരുന്ന ബദ്ദോയുമായി തർക്കത്തിലേർപ്പെട്ടു. കലഹം ആളിക്കത്തിയതോടെ ബദ്ദോയെ രവീന്ദർ തല്ലി.
1996 ആഗസ്‌റ്റ് 9ന് തപർ നഗറിൽ തന്റെ പിതാവിനെ സന്ദർശിക്കാനെത്തിയതായിരുന്നു സോണിയും ഭാര്യ ഗീതാഞ്ജലിയും. രവീന്ദറും സഹോദരൻ ദേവേന്ദറും സോണിയെ അനുഗമിച്ചിരുന്നു. സന്ദർശനം കഴിഞ്ഞ് തിരിച്ച് കാർ പാർക്ക് ചെയ്‌തിരുന്നിടത്തേക്ക് എത്തിയപ്പോൾ ഡബിൾ ബാരൽ ഗണ്ണുകളും റൈഫിളുകളുമായി നിൽക്കുന്ന ബദ്ദോയെയാണ് കണ്ടത്. ബദ്ദോയുടെ സഹോദരൻ കിഷനും അന്ന് ഒപ്പമുണ്ടായിരുന്നു. രവീന്ദറിനെ വെടിവച്ചു കൊന്ന ബദ്ദോ സോണിയുടെ കാർ കത്തിച്ചു. രവീന്ദറിന്റെ സഹോദരൻ ദേവേന്ദർ ബദ്ദോയ്‌ക്കും കിഷനുമെതിരെ നിയമ പോരാട്ടം ആരംഭിച്ചു. വിചാരണ നടക്കവെയാണ് കിഷൻ അപകടത്തിൽ മരിക്കുന്നത്. അന്നു മുതൽ ബദ്ദോയുടെ നോട്ടപ്പുള്ളിയാണ് ദേവേന്ദർ. 2017 ഒക്ടോബർ 31നാണ് ബദ്ദോയ്‌ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എന്നാൽ ബദ്ദോ രക്ഷപ്പെട്ടതോടെ ഭീതിയുടെ നിഴലിലാണ് ദേവേന്ദർ ഇപ്പോൾ.