beauty

വാഷിംഗ്ടൺ: വയസ് മുപ്പത്തൊമ്പതായെങ്കിലും അമേരിക്കൻ നടിയും റിയാലിറ്റി ഷോ താരവുമായ കിം കർദിഷിയാന് ഒടുക്കത്തെ ഗ്ലാമറാ. പെടാപ്പാടുപെട്ടാലും കൗമാരക്കാരികൾക്കുപോലും കിമ്മിനുമുന്നിൽ പിടിച്ചുനിൽക്കാനാവില്ല. അനാരോഗ്യകരമായ ഒന്നും ചെയ്യില്ല, ശരീരമാണ് എല്ലാത്തിനും മേലെ ഇതുരണ്ടുമാണ് കിമ്മിന്റെ ആപ്തവാക്ക്യം. ഇതിനനനുസരിച്ചാണ് കിമ്മിന്റെ ജീവിതരീതികൾ. എന്തുസംഭവിച്ചതാലും ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പ്രായം കൂടുന്തോറും അതിനനസുരിച്ച് ആഹാരത്തിന്റെയും വ്യായാമത്തിന്റെയും കാര്യത്തിൽ ചില നീക്കുപോക്കുകളുണ്ടാക്കുമെന്നുമാത്രം. എല്ലാം ചെയ്യുന്നത് ഫിസിക്കൽ ട്രെയിനറുടെ പ്രത്യേക നിർദ്ദേശപ്രകാരം.

ഗ്ളാമറിനുപിന്നിലെ രഹസ്യം തേടി നൂറുകണക്കിന് ആരാധകരാണ് കിമ്മിനെ സമീപിക്കുന്നത്.ഇവരെ നിരാശപ്പെടുത്താതെ ചില രഹസ്യങ്ങൾ പറഞ്ഞുകൊടുക്കാൻ കിം തയ്യാറാണ്. പക്ഷേ, ടോപ്പ് സീക്രട്ടുകൾ പുത്തുവി​ടി​ല്ലെന്നുമാത്രം.

തികച്ചും ശുദ്ധമായ ഭക്ഷണം മാത്രമേ കഴിക്കൂ. അതും കൃത്യമായ ഇടവേളകളിൽ നിശ്ചിത അളവിൽ. ഭക്ഷണത്തിൽ കാർബോ ഹൈഡ്രേറ്റുകളുടെ അളവ് പരമാവധി കുറയ്ക്കും.വായ്ക്കുരുചിയൊന്നും ഇക്കാര്യത്തിൽ പ്രശ്നമേ അല്ല. 56കിലോയാണ് ഇപ്പോഴത്തെ ശരീരഭാരം. അത് നി​ലനി​റുത്തുകയാണ് പ്രധാനം. നേരത്തേ അല്പം കൂടിയിരുന്നു. അതോടെയാണ് ആഹാരകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. മാംസാഹാരം വളരെ കുറച്ചുമാത്രമേ കഴിക്കൂ.കൊഴുപ്പുനീക്കിയ ചിക്കനാണ് പ്രധാനം.

റെഡ് മീറ്റ് ഇല്ലേയില്ല. അധികം വേവിക്കാത്ത പച്ചക്കറികളും ചെറുമീനുകളും ആഹാരത്തിലുണ്ടാവും. പക്ഷേ, ഇതൊക്കെ നിശ്ചിത ദിവസങ്ങങ്ങളിൽ മാത്രമേ ഉണ്ടാവൂ. സലാഡുകൾ കിമ്മിന് ഒത്തിരി ഇഷ്ടമാണ്. ആഹാരം തെറ്റിയാൽ അക്കാര്യം വയറിലും തുടകളിലും മാറിടങ്ങളിലും ദൃശ്യമാകും എന്നാണ് കിം പറയുന്നത്. മദ്യവും കോളകളും ഏഴയലത്ത് അടുപ്പിക്കില്ല. വെള്ളം നന്നായി കുടിക്കും. പക്ഷേ, അതും അളവിൽ കൂടില്ല.

ആഴ്ചയിൽ ആറ്

ഭക്ഷണത്തെപ്പോലെ വ്യായാമത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് കിം തയ്യാറല്ല. ആഴ്ചയിൽ ആറുദിവസവും വ്യായാമം ചെയ്യും. ലോകത്തെവിടെയായിരുന്നാലും ഇതിൽ മാറ്റമില്ല. രാവിലെ അഞ്ചരമണിയോടെയാണ് കിമ്മിന്റെ ഒരുദിവസം തുടങ്ങുന്നത്. പ്രഭാതകൃത്യങ്ങൾക്കുശേഷം നേരേ സ്വന്തം ജിമ്മിലേക്ക്. തൊണ്ണൂറുമിനിട്ടാണ് ജിമ്മിൽ ചെലവഴിക്കുന്നത്. ട്രെയിനറുടെ നിർദ്ദേശപ്രകാരം ഒാരോ അവയവത്തിനും പ്രത്യേകം വ്യായാമങ്ങൾ ചെയ്യും. പ്രത്യേകിച്ചും കാലുകൾക്കും അരക്കെട്ടിനും. ഇവരണ്ടും ശ്രദ്ധിച്ചാൽ ബോഡിമുഴുവൻ സെറ്റപ്പാകും എന്നാണ് കിം പറയുന്നത്. കാർഡിയോ എക്സർസൈസ് പതിനഞ്ചുമിനിട്ടുമാത്രമേ ചെയ്യൂ. കാർഡിയോ കൂടതൽ ചെയ്തിട്ട് കാര്യമില്ലെന്നാണ് കിമ്മിന്റെ അഭിപ്രായം.

ഉറക്കത്തിന്റെ കാര്യത്തിലും നോ കോംപ്രമൈസ്. ഒമ്പതുമണിയോടെയാണ് ഉറക്കം. അതിലും കഴിവതും കൃത്യത പാലിക്കും. ഉറങ്ങുന്നതിന് മൂന്നുമണിക്കൂർ മുമ്പ് അത്താഴം കഴിച്ചിരിക്കും. ഉറക്കിന് അലോരസമുണ്ടാക്കുന്ന ഒന്നും കിടപ്പുമുറിയിൽ ഉണ്ടാവില്ല. മൊബൈൽഫോണിന് കിമ്മിന്റെ ബെഡ്റൂമിലേക്ക് പ്രവേശനമില്ല. ഉറക്കത്തെ മൊബൈൽ കൊല്ലുമെന്നതുതന്നെ കാരണം.

നന്നായി ചിരിച്ചോളൂ

അധികം ടെൻഷനുണ്ടാകാതെ നോക്കുക എന്നാണ് കിം തരുന്ന മറ്റൊരു പ്രധാന ഉപദേശം.ടെൻഷനുണ്ടെങ്കിൽ എന്തൊക്കെ ചെയ്താലും ശരീരം നേരെയാവില്ലത്രേ. ടെൻഷൻ അകറ്റാനുള്ള വഴിയും കിം തന്നെ പറഞ്ഞുതരും-കുടുംബാംഗങ്ങളുമൊത്ത് കൂടുതൽ സമയം ചെലവഴിക്കുക.