തങ്ങൾ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങൾ മറ്റു മണ്ഡലങ്ങളിൽപ്പെട്ടവർ അനുഭവിക്കരുതെന്നു വാശിപിടിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥ പ്രഭുക്കളുടെ സ്വഭാവമാണ്. പണ്ടും ഇപ്പോഴും ആ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. സാധാരണക്കാർക്ക് ചെറിയൊരു സൗജന്യം സർക്കാർ അനുവദിച്ചെന്നിരിക്കട്ടെ അത് അവർക്ക് എങ്ങനെ കൊടുക്കാതിരിക്കാം എന്നാവും ഗവേഷണം. കൊടുത്തേ പറ്റൂ എന്ന ഘട്ടമെത്തിയാൽ വച്ചു താമസിപ്പിക്കാനാകും അടുത്ത ശ്രമം. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഇതാണു സ്ഥിതി. 1995-ൽ ആദ്യമായി എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതി പ്രാബല്യത്തിൽ വന്നപ്പോൾ ഒപ്പം ആകർഷകമായ വാഗ്ദാനങ്ങൾ പലതുമുണ്ടായിരുന്നു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും പെൻഷൻ പുതുക്കുമെന്നും കമ്മ്യൂട്ടേഷൻ ചെയ്തവർക്ക് പതിനഞ്ചു വർഷം തികയുമ്പോൾ മുഴുവൻ പെൻഷൻ നൽകുമെന്നും മെഡിക്കൽ ആനുകൂല്യങ്ങൾ ഏർപ്പെടുത്തുമെന്നുമൊക്കെയായിരുന്നു അവ. ഒന്നും നടന്നില്ലെന്നു മാത്രമല്ല പി.എഫ് വരിക്കാരെ അങ്ങേയറ്റം ദ്റോഹിക്കുന്ന സമീപനമാണ് ഇത്രകാലവും തുടർന്നുവന്നത്. നൂറു രൂപയിൽ താഴെ വരെ പെൻഷൻ വാങ്ങിയ വരിക്കാർ ഏറെയാണ്. നിരന്തരമായ മുറവിളിയെത്തുടർന്നാണ് മിനിമം പെൻഷൻ ആയിരം രൂപയായി ഉയർത്താൻ പി.എഫ് ട്രസ്റ്റി ബോർഡ് ഏതാനും വർഷം മുൻപ് തയ്യാറായത്. തൊഴിലാളി സംഘടനാ നേതാക്കളും ജനപ്രതിനിധികളുമൊക്കെ ഇതിനായി ദീർഘകാലം പോരാടുകയും ചെയ്തു. ഇക്കൂട്ടത്തിൽ എം.പിമാരായ കൊടിക്കുന്നിൽ സുരേഷിന്റെയും എൻ.കെ. പ്രേമചന്ദ്രന്റെയും ശക്തമായ ഇടപെടലുകൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഇപ്പോഴിതാ പി.എഫ് വരിക്കാർക്ക് ആഹ്ലാദം പകരുന്ന മറ്റൊരു സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നു. ഇ.പി.എഫ് പെൻഷൻ നേരത്തെ കമ്മ്യൂട്ടു ചെയ്തു വാങ്ങിയവർക്കെല്ലാം ഇനി മുഴുവൻ പെൻഷന് അർഹതയുണ്ടായിരിക്കും. 2008 സെപ്തംബർ 25നോ അതിനു മുമ്പോ വിരമിച്ച ഇ.പി.എഫ് വരിക്കാരിൽ കമ്മ്യൂട്ടേഷൻ വാങ്ങിയവർക്കാണ് ഈ ആനുകൂല്യം നൽകുന്നത്. വിരമിച്ച ജീവനക്കാർ എത്രയോ നാളായി ആവശ്യപ്പെട്ടുവരുന്ന കാര്യമാണിത്. നീതിപീഠങ്ങളുടെ ഇടപെടലുകളുണ്ടായിട്ടുപോലും ഇ.പി.എഫ് ട്രസ്റ്റി ബോർഡ് ഇതുവരെ ഈ വിഷയത്തിൽ അനുകൂല ഉത്തരവ് പുറപ്പെടുവിക്കാതെ മുൻ ജീവനക്കാരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിരമിച്ചു പതിനഞ്ചു വർഷം പൂർത്തിയായവർക്ക് ഉടനടി തന്നെ ഇനി പൂർണ പെൻഷൻ ലഭിച്ചുതുടങ്ങും. 2004 സെപ്തംബർ 25-നു മുമ്പ് കമ്മ്യൂട്ടേഷൻ ചെയ്തവർക്ക് ഉടനടി ഫുൾ പെൻഷന് അർഹത ഉണ്ട്. അതിനുശേഷം വിരമിച്ചവർക്കു പതിനഞ്ചു വർഷം തികയുന്ന തീയതി മുതൽ മുഴുവൻ പെൻഷൻ വാങ്ങാനാകും. കമ്മ്യൂട്ടേഷന്റെ പേരിൽ വരിക്കാരിൽ നിന്ന് മരണം വരെ തുക പിടിച്ചുകൊണ്ടിരുന്ന ഏർപ്പാടിനും അറുതിയായിട്ടുണ്ട്. പതിനഞ്ചു വർഷം തികയുന്ന മുറയ്ക്ക് തുക തിരികെ പിടിക്കരുതെന്നാണു പുതിയ വിജ്ഞാപനത്തിൽ പറയുന്നത്. കമ്മ്യൂട്ട് ചെയ്ത തുക മാസ ഗഡുക്കളായി തിരികെ ഈടാക്കിയ ശേഷവും അതു തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിലെ അനീതി പാർലമെന്റിൽ വെളിച്ചത്തുകൊണ്ടുവന്നത് എൻ.കെ. പ്രേമചന്ദ്രനാണ്. വിഷയം വിവാദമായതോടെ പ്രശ്നം പഠിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. സമിതി യോഗങ്ങളിൽ ലഭിച്ച തെളിവുകളും ഉന്നയിക്കപ്പെട്ട വാദങ്ങളും ശരിയെന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫുൾ പെൻഷൻ വിഷയത്തിൽ ഇപ്പോൾ അനുകൂല തീരുമാനമുണ്ടായിരിക്കുന്നത്.
വാങ്ങിക്കൊണ്ടിരുന്ന ശമ്പളത്തിന് ആനുപാതികമായ പെൻഷൻ എന്ന ഇ.പി.എഫ് വരിക്കാരുടെ ആവശ്യം ഇപ്പോഴും പൂർണമായി നിറവേറിയിട്ടില്ല. ഇതിനായി കഴിഞ്ഞ നിരവധി വർഷങ്ങളായി ജീവനക്കാർക്ക് കോടതികൾ കയറിയിറങ്ങേണ്ടിവന്നു. കോടതി വിധികളിലെ വൈരുദ്ധ്യങ്ങൾ സൃഷ്ടിച്ച ചിന്താക്കുഴപ്പവും ചെറുതൊന്നുമല്ല. ഉയർന്ന നിരക്കിൽ പെൻഷൻ ലഭിക്കാൻ പലർക്കും വലിയ സംഖ്യ തന്നെ കെട്ടിവയ്ക്കേണ്ടിവരികയും ചെയ്തു. രേഖകളുടെ അഭാവം പലർക്കും ഉയർന്ന പെൻഷന് തടസമായിട്ടുമുണ്ട്. അവസാന കാലത്ത് വാങ്ങിയിരുന്ന യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായ പെൻഷൻ ലഭിക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി ഒട്ടേറെപ്പേരുടെ കാര്യത്തിൽ ഇനിയും നടപ്പായിട്ടില്ല. സാങ്കേതിക തടസങ്ങൾ നിരത്തി അപേക്ഷകരെ മടക്കി അയയ്ക്കുന്നതിൽ പി.എഫ് ഓഫീസുകൾ തമ്മിൽ വലിയ മത്സരമാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ഹർജികളിൽ ഇനിയും തീരുമാനമായിട്ടില്ല.
കൊട്ടും കുരവയുമായി ആരംഭിച്ച പെൻഷൻ പദ്ധതിയുടെ ഗുണം പൂർണമായി അനുഭവിക്കാനാകാതെ കാലയവനികയ്ക്കു പിന്നിൽ മറഞ്ഞവർ ഏറെയാണ്. ഇപ്പോഴും പെൻഷൻ പരിഷ്കരണം നീതിപൂർവമായിട്ടില്ലെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. സേവനകാലം മുഴുവൻ വിഹിതം അടച്ചിട്ടും അതിനു ആനുപാതികമായി പെൻഷൻ നൽകാൻ വിമുഖത കാണിക്കുന്ന ട്രസ്റ്റി ബോർഡ് സർക്കാരിന്റെ താത്പര്യങ്ങളെയാണ് താലോലിക്കുന്നത്. ഫണ്ടിൽ ഉടമകൾ ക്ളെയിം ചെയ്യാതെ കിടക്കുന്ന തുകയുടെ വലിപ്പം കേട്ടാൽ ആരും അമ്പരന്നുപോകും. ബാങ്കുകളെ അനുകരിച്ച് ഓരോ വർഷവും പി.എഫ് നിക്ഷേപ പലിശ കുറച്ചുകൊണ്ടിരിക്കുകയാണ്. നഷ്ടക്കണക്കു കാണിച്ചാണ് പി.എഫ് വരിക്കാരെ ഇവിടെയും കബളിപ്പിക്കുന്നത്.