strike

തിരുവനന്തപുരം: പ്രൈമറി ക്ലാസുകളിലെ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം ഭേദഗതി ചെയ്യാനുള്ള ബ‌ഡ്ജറ്റ് നിദേശത്തിനെതിരെ ആൾ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുൻപിൽ ധർണ നടത്തി. എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ എണ്ണം നോക്കി പൊതുവിദ്യാഭ്യാസത്തിന്റെ ലാഭനഷ്ടം കണക്കാക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ടുപോകരുതെന്നും ആയിരക്കണക്കിന് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കരിനിഴലിൽ നിർത്തുന്ന ബഡ്ജറ്റ് നിദേശം പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ അദ്ധ്യക്ഷനായി. നേതാക്കളായ ജയചന്ദ്രൻ കല്ലിംഗൽ, ഡോ.കെ.എസ്.സജികുമാർ, പ്രദീപ്, കെ.ബുഹാരി, എസ്.ഹാരിസ്, എൻ.ഗോപാലകൃഷ്ണൻ, കെ.സി.സ്‌നേഹശ്രീ, ഇന്ദുമതി തുടങ്ങിയവർ സംസാരിച്ചു.