pvl

കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കി മാതൃകാ പഞ്ചായത്താക്കി ഉയർത്തുമെന്ന് അടൂർ പ്രകാശ് എം.പി അറിയിച്ചു. ആറ്റിങ്ങൽ പാർളമെന്റ് മണ്ഡലത്തിൽ ഈ വർഷത്തെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ പൂവച്ചൽ പഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും എം.പി അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം ഉൾപ്പെടെയുള്ള മേഖലകളിൽ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും. പദ്ധതിയെ സംബന്ധിച്ച് പഞ്ചായത്തിൽ വച്ച് അടൂർ പ്രകാശ് എം.പിയുടെ അദ്ധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളെ പറ്റി പ്രാഥമിക ചർച്ചകളും നടന്നു. പദ്ധതികളുടെ നടത്തിപ്പിനെപ്പറ്റി പി.എ.യു പ്രോജക്ട് ഡയറക്ടർ വിജയകുമാർ വിശദീകരണം നൽകി. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. റീന, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, വെള്ളനാട് ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ വിക്രമൻ ആശാരി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മാതൃകാ ഗ്രാമത്തെക്കുറിച്ചുള്ള മഹാത്മജിയുടെ ദർശനം സാക്ഷാത്കരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.പി അറിയിച്ചു.