പുഷ്‌പവൃഷ്ടി, പൂത്തിരി, ആർപ്പുവിളി, ആരതി
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേൽക്കാനെത്തിയ കെ.സുരേന്ദ്രന് തലസ്ഥാനത്ത് പ്രൗഢ ഗംഭീരമായ വരവേൽപ്പ്. ആർപ്പുവിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് പുതിയ അമരക്കാരനെ പ്രവർത്തകർ സ്വീകരിച്ചത്. കെ.സുരേന്ദ്രൻ എന്ന സ്വന്തം കെ.എസിനെ വരവേൽക്കാൻ രാവിലെ 9മണിയോടെ സെൻട്രൽ റെയിൽവേസ്റ്റേഷന് അകത്തും പുറത്തുമായി പ്രവർത്തകർ തമ്പടിച്ചിരുന്നു. ചിലർ റോഡരികിൽ വാഹനങ്ങളിൽ കാത്തിരുന്നു. 9.30ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ എത്തിയത്. കൊടിതോരണങ്ങളും സുരേന്ദ്രന്റെ ചിത്രം പതിച്ച പ്ലക്കാർഡുകളുമായി പ്രവർത്തകർ കാത്തു നിന്നു. സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന മുബയ് സി.എസ്.ടി കന്യാകുമാരി എക്‌സ്‌പ്രസ് എത്താറായെന്ന അറിയിപ്പ് 10.30ന് ലഭിച്ചതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി.
ഭാരത് മാതാ കീ ജയ് വിളികളും സുരേന്ദ്രന് അഭിവാദ്യമർപ്പിച്ചുള്ള മുദ്രാവാക്യവുമായി അവർ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു. ട്രെയിനിൽ നിന്ന് പുറത്തിറങ്ങിയ സുരേന്ദ്രനെ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ദേശീയ സമിതി അംഗം കരമന ജയൻ തുടങ്ങിയവർ ചേർന്ന് ഹാരാർപ്പണം നടത്തി കിരീടവും അണിയിച്ചു.
ഇതിനിടെ പാർട്ടി ജനറൽ സെക്രട്ടറി എം.ടി.രമേശ് എത്തി സുരന്ദ്രനെ കെട്ടിപ്പിടിച്ചു.
സുരേന്ദ്രൻ പുറത്തിറങ്ങിയപ്പോൾ 'കണ്ണേ കരളേ കെ.എസേ' എന്ന മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പുഷ്പവൃഷ്ടിയും നടത്തി. അല്പനേരം പ്രവർത്തകർക്കുനടുവിൽ നിന്ന ശേഷം സുരേന്ദ്രൻ പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തിൽ കയറി. വി.വി.രാജേഷും സുരേന്ദ്രനൊപ്പം കയറി. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഓവർബ്രിഡ്‌ജ്, സെക്രട്ടേറിയറ്റ്, പി.എം.ജി വഴി കുന്നുകുഴിയിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സുരേന്ദ്രന്റെ വാഹനവ്യൂഹമെത്തി. അപ്പോഴേക്കും മാരാർജിഭവൻ പ്രവർത്തകരെ കൊണ്ടു നിറഞ്ഞു.
പടക്കംപൊട്ടിച്ചും പൂത്തിരി കത്തിച്ചും പുതിയ നായകന്റെ വരവേൽപ്പ് ആഘോഷമാക്കി.ഓഫീസിനു മുന്നിൽ എത്തിയ സുരേന്ദ്രനെ മഹിളാമോർച്ച പ്രവർത്തകർ ആരതി ഉഴിഞ്ഞു. തുടർന്ന് ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തിയശേഷം ചുമതലയേൽക്കാൻ ഓഫീസിലേക്ക് കയറി.