തിരുവനന്തപുരം: പൊലീസിലെ തോക്ക്,​ വെടിയുണ്ട അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള അഴിമതി ആരോപണം പൊലീസ് സേനയ്‌ക്ക് തീരാക്കളങ്കമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം.എൽ.എ ഹോസ്റ്റലിന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമായി. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ പൊലീസിന് നേരെ കമ്പും കൊടിയും വലിച്ചെറിഞ്ഞു. യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി സുധീർഷ അദ്ധ്യക്ഷനായി. നേതാക്കളായ ജ്യോതികുമാർ ചാമക്കാല, സോളമൻ അലക്‌സ്, എം.എ. ലത്തീഫ്, പി.എസ്. പ്രശാന്ത്, ശാസ്‌തമംഗലം മോഹനൻ, യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ എൻ.എസ്. നുസൂർ, ജി. ലീന, എസ്.എം. ബാലു, കെ.എസ്.യു നേതാക്കളായ ബാഹുൽ കൃഷ്‌ണ, സൈദാലി കൈപ്പാടി തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ നിനോ അലക്‌സ്, മഹേഷ് ചന്ദ്രൻ, വിനോദ് കോട്ടുകാൽ, അരുൺരാജൻ, ഷജീർ, ചിത്ര, വീണ നായർ, ജിഹാദ്, റെജി ചെങ്കൽ, സജാദ്, സുരേഷ്, യൂസുഫ്, മനോജ്, അഖില, ഷാലിമാർ, പ്രമോദ്, അനുഷ്‌മ, ശംഭു പാൽക്കുളങ്ങര എന്നിവർ നേതൃത്വം നൽകി.