തിരുവനന്തപുരം: കെ.സുരേന്ദ്രൻ ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനാവുന്നത് പുതിയ യുഗപ്പിറവിയായാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കെ.സുരേന്ദ്രൻ ബി.ജെ.പി ആസ്ഥാനത്തെത്തി ചുമതലയേറ്റ ശേഷം നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിൽ എതിരാളികൾ പ്രയോഗിക്കുന്ന കുതന്ത്രങ്ങൾക്ക് ചുട്ടമറുപടി നൽകാൻ കഴിയുന്ന നേതാവ് ബി.ജെ.പിയുടെ നേതൃത്വത്തിലെത്തുകയാണ്. സാധാരണക്കാരന്റെ വിശ്വാസങ്ങളെ ചവിട്ടിമെതിക്കാൻ കേരള സർക്കാർ ശ്രമിച്ചപ്പോൾ അതിനെ നേരിട്ടുകൊണ്ട് മൂന്നാഴ്ചയിലേറെക്കാലം ജയിൽവാസം അനുഭവിച്ചിട്ടുള്ള നേതാവാണ് സുരേന്ദ്രൻ.
ഞാനുൾപ്പെടെയുള്ളവർക്ക് പ്രസിഡന്റായതിനു ശേഷമാണ് ജനങ്ങളറിയുന്ന അല്ലെങ്കിൽ ജനങ്ങൾക്കിടയിൽ അംഗീകാരം ലഭിക്കുന്ന സാഹചര്യമുണ്ടായത്.
കുമ്മനം പ്രസിഡന്റായപ്പോഴാണ് അതിനൊരു മാറ്റമുണ്ടായത്. പ്രസിഡന്റാകുന്നതിനു മുമ്പു തന്നെ അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന ജനകീയ നേതാവായി മാറിയിരുന്നു.
അതിനെക്കാൾ ഒരുപടി മുന്നോട്ടു കടന്നാണ് കെ.സുരേന്ദ്രൻ ബി.ജെ.പിയെ നയിക്കാനെത്തുന്നത്. ഗ്രാമങ്ങളിൽ പോലും സുപരിചിതനായിട്ടുള്ള ഒരു നേതാവ് ബി.ജെ.പിയെ നയിക്കാൻ ചരിത്രത്തിലാദ്യമായി എത്തുകയാണെന്ന പ്രത്യേകതയാണുള്ളത്
ഇന്ന് രാജ്യം മുഴുവൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാറ്റത്തിന്റെ പാതയിലാണ്. മുൻസർക്കാരുകളൊന്നും ചെയ്യാത്ത കാര്യങ്ങളാണ് കഴിഞ്ഞ ആറു വർഷത്തിനിടയിൽ നടപ്പിലാക്കിയത്. 370-ാം വകുപ്പാണെങ്കിലും പൗരത്വഭേദഗതിയാണെങ്കിലും.
നെഹ്‌റു മുതൽ മൻമോഹൻസിംഗ് വരെയുള്ള പ്രധാനമന്ത്രിമാർ ആവർത്തിച്ചു പറഞ്ഞതാണ് പൗരത്വബിൽ. കെ.കരുണാകരൻ തൊട്ട് വിജയരാഘവൻവരെയുള്ളയാളുകൾ ഉൾപ്പെട്ട ആഭ്യന്തര വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തകാര്യമാണ് നടപ്പിലാക്കിയത്. ആ ശുപാർശ അവർ മറന്നതുകൊണ്ടോ സൗകര്യപൂർവം മറച്ചുവച്ചോ ആണ് എതിപ്പുമായെത്തിയിരിക്കുന്നത്.
കേരളത്തിലെ രണ്ടു മുന്നണികളും അഴിമതിയുടെ കാര്യത്തിൽ മത്സരിക്കുകയാണ്. സി.എ.ജി റിപ്പോർട്ട് വരുന്നതുവരെ അനങ്ങാതിരുന്ന വിജിലൻസ് ഇപ്പോൾ റെയ്ഡ് നടത്തുന്നത് പരസ്പരമുള്ള അഡ്‌ജസ്‌റ്റ്മെന്റാണ്. ഭീകരവാദികൾക്കും വിഘടനവാദികൾക്കും പിന്തുണ നൽകുന്ന കാര്യത്തിലും ഇവർ മത്സരിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.