അരുവിപ്പുറം:ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരം കുടം അഭിഷേകവും ആറാട്ടോടും കൂടി അരുവിപ്പുറം ശിവരാത്രി മഹോത്സവത്തിന് പരിസമാപ്തിയായി.
12ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കൊടിയേറ്റ് നിർവഹിച്ചായിരുന്നു ഇത്തവണത്തെ അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന് തിരിതെളിഞ്ഞത്. ഗുരുദേവൻ പ്രാധാന്യം കൽപ്പിച്ച കൃഷി, വ്യവസായം, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിവിധതരം സമ്മേളനങ്ങൾ സംഘടിപ്പിച്ചുള്ളതായിരുന്നു മഹാശിവരാത്രി ദിനമായ ഫെബ്രുവരി 21 വരെയുള്ള പത്ത് നാൾ നീണ്ട പ്രതിഷ്ഠാ വാർഷികവും ശിവരാത്രി മഹോത്സവവും.
ഗവർണറും മന്ത്രിമാരും ഉൾപ്പെടെയുള്ള രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സമ്മേളനങ്ങളിൽ സംബന്ധിച്ചു.
ഭക്തിനിർഭരമായ എഴുന്നള്ളത്തിനും മഹാശിവരാത്രി ദിനത്തിൽ രാത്രി 12.30 മണിക്കുള്ള പൂജയ്ക്കും ശേഷം ഒരു മണിയോടെ ആരംഭിച്ച ആയിരം കുടം അഭിഷേകം പുലർച്ചെ മൂന്നിന് സമാപിച്ചു. ഗുരുദേവൻ പ്രതിഷ്ഠയ്ക്കായി ശിവലിംഗം കണ്ടെടുത്ത നെയ്യാറിലെ ശങ്കരം കുഴിയിൽ നിന്ന് ഭക്തർ നിരനിരയായി കുടങ്ങളിൽ
ശേഖരിച്ചു കൈമാറിയ ജലമാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ കാർമ്മികത്വത്തിൽ ശിവപ്രതിഷ്ഠയിൽ അഭിഷേകാർപ്പണം നടത്തിയത്. തുടർന്ന് പുലർച്ചെ നാലിന് നെയ്യാറിന്റെ കടവിൽ നടന്ന ഭക്തിസാന്ദ്രമായ ഭഗവാന്റെ ആറാട്ടോടുകൂടി പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി മഹോത്സവവും സമാപിച്ചു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരുദേവൻ ലക്ഷ്യമിട്ട ഏക ലോക സാഹോദര്യ സന്ദേശമാണ് പ്രതിഷ്ഠാ വാർഷികവും സമ്മേളനങ്ങളും വഴി നടന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ആയിരം കുടം അഭിഷേകത്തിനും
ആറാട്ടിനും സ്വാമി ബോധിതീർത്ഥയും നേതൃത്വം നൽകി. 132ാ മത് പ്രതിഷ്ഠാ വാർഷികത്തിനും സമ്മേളനങ്ങൾക്കും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും അരുവിപ്പുറം പ്രചാരസഭ ചീഫ് കോഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷുമാണ് നേതൃത്വം നൽകിയത്.