തിരുവനന്തപുരം: വർഗീയതയെ എതിർക്കേണ്ടത് മറ്റൊരു വർഗീയത കൊണ്ടല്ലെന്നും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടാവണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും ജനദ്രോഹ കേന്ദ്രബഡ്‌ജറ്റിനുമെതിരെ സി.പി.ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ചർച്ചകൾ നടക്കുമ്പോൾ അതിനെ ഹിന്ദു-മുസ്ലിം തർക്കമായി കണ്ട് തങ്ങളുടെ അജൻഡ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം വളർത്തേണ്ടത് പുരോഗമനപ്രസ്ഥാനങ്ങളുടെ ചുമതലയാണ്. മാർച്ച് 23 വരെ നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തിൽ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിനെതിരായി ശബ്ദമുയർത്തി പ്രചാരണങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്നും കാനം പറഞ്ഞു.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സി. ദിവാകരൻ എം.എൽ.എ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പി. വസന്തം, പള്ളിച്ചൽ വിജയൻ, മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ സ്വാഗതം പറഞ്ഞു.