road

വെമ്പായം: സംസ്ഥാന പാതയിലെ അപകടങ്ങളിൽ പൊലിയുന്നത് നൂറു കണക്കിന് ജീവനുകൾ. തിരുവനന്തപുരം- കൊട്ടാരക്കര റോഡിലെ മണ്ണന്തല മുതൽ തൈക്കാട് വരെയുള്ള ഭാഗമാണ് ഇത്തരത്തിൽ അപകടക്കളമാകുന്നത്.

മേലെ ചിറ്റാഴ, വട്ടപ്പാറ, തുടങ്ങിയ പ്രദേശങ്ങളും വളരെയധികം അപകടം നിറഞ്ഞതാണ്. നെടുമങ്ങാട്, വെമ്പായം റോഡുകൾ വേർപിരിയുന്ന ജംഗ്ഷനാണ് വട്ടപ്പാറ. വളവിൽ സ്ഥിതി ചെയ്യുന്ന ഈ ജംഗ്ഷനിൽ കാൽനടയാത്ര പോലും ദുസഹമാണ്‌. റോഡിൽ ചേർന്ന് വളവിൽ സ്ഥിതി ചെയുന്ന പൊലീസ് സ്റ്റേഷൻ പോലും അപകട മേഖലയിലാണ് സ്ഥിതി ചെയുന്നത്. ഇവിടെ കഴിഞ്ഞാൽ കണ്ണങ്കോട് മുതൽ വേറ്റിനാട് വരെയുള്ള ഭാഗങ്ങളിൽ കൊടുംവളവുകളാണുള്ളത്. വേറ്റിനാട് മുതൽ പെരുംകൂർ വരെയുള്ള ഭാഗങ്ങളിൽ അപകടത്തിൽ പെടുന്ന വാഹനങ്ങൾ 6 അടിയോളം താഴ്ചയുള്ള തോട്ടിലേക്കാണ് വീഴുന്നത്. നാലുമുക്ക് ജംഗ്ഷനുകളായ കന്യാകുളങ്ങരയും വെമ്പായത്തും അപകടങ്ങൾ തുടർകഥയാണ്. കിടങ്ങയം, കൊപ്പം കാവ്യട് പ്രദേശങ്ങളിലെ വളവുകളിലും അപകടങ്ങൾ നിത്യ സംഭവമാണ്. പിരപ്പൻകോട് മുതൽ തൈക്കാട് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് ഏറ്റവും കൂടുതൽ വളവുകൾ ഉള്ളത്. ഇതിൽ ഏറ്റവും അപകടകാരികൾ ചെറിയ വളവുകളാണ്. പാലാംകോണം റോഡ് പിരപ്പൻകോട് എം.സി റോഡുമായി ചേരുന്ന ഭാഗത്തു വലിയ അപകടങ്ങളാണ് പതിയിരിക്കുന്നത്. മറുഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണം.