തിരുവനന്തപുരം: സർക്കാരിനെതിരെ ഉയർന്നുവരുന്ന കോടികളുടെ അഴിമതിയിൽനിന്ന് ശ്രദ്ധതിരിക്കാനാണ് വി.എസ്.ശിവകുമാറിനെതിരായ വിജിലൻസ് കേസെന്ന് ഡി.സി.സി നേതൃയോഗം പ്രമേയത്തിൽ കുറ്റപ്പെടുത്തി.
ശിവകുമാർ ഉൾപ്പെടെയുള്ള യു.ഡി.എഫ് മന്ത്രിമാർക്കെതിരെ ആരോപണം അന്വേഷിക്കുന്നതിന് മന്ത്രിതല സമിതിയെ നിയോഗിക്കുകയും നിരവധി അന്വേഷണങ്ങൾ നടത്തുകയും ചെയ്തിട്ടും ആർക്കുമെതിരെ ഒരു തെളിവും കണ്ടെത്താനോ കേസെടുക്കാനോ കഴിഞ്ഞിട്ടില്ല. പൊലീസിലെ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പുകണ്ട് അന്തംവിട്ടിരിക്കുകയാണ് ജനങ്ങൾ. കിഫ്ബിയിലും പ്രളയദുരിതാശ്വാസ ഫണ്ടിലും വിവിധ വകുപ്പുകളിലും നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും വെളിച്ചത്തുവരുമ്പോൾ ഈ സർക്കാരിന്റെ അഴിമതിവിരുദ്ധ പൊയ്മുഖം വെളിച്ചത്തുവരും. ശിവകുമാറിനെതിരെ പകപോക്കൽ നടത്താനും വ്യക്തിപരമായി അപമാനിക്കാനുമുള്ള ശ്രമത്തിൽ നിന്ന് പിൻമാറണമെന്ന് ഡി.സി.സി ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷനായി. തമ്പാനൂർ രവി, എം.മുരളി, മൺവിള രാധാകൃഷ്ണൻ, മണക്കാട് സുരേഷ്, എം.വിൻസന്റ് എം.എൽ.എ, ആർ.വത്സലൻ, പി.കെ.വേണുഗോപാൽ, എം.എ. വാഹീദ് എന്നിവർ പങ്കെടുത്തു.