saamskarikasammelanam

മുടപുരം: ശ്രീനാരായണ ഗുരു തന്റെ ജീവിതത്തിലെ ആദർശപുരുഷനാണെന്ന് കേരള ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്‌മ കേരളത്തിൽ ഇല്ലായ്‌മ ചെയ്ത അദ്ദേഹം ഇവിടെ വിപ്ലവം സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിലൂടെ കേരളത്തെ ഇന്ത്യയ്ക്ക് മാതൃകയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. ക്ഷേത്രം പബ്ലിക് ട്രസ്റ്റ് പ്രസിഡന്റ് എസ്. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നടത്തി. ചിറയിൻകീഴ് പൊലീസ് എസ്.എച്ച്.ഒ സതീഷ് എച്ച്.എൽ വിവിധ വ്യക്തികളെ ആദരിച്ചു. ഉത്സവ കമ്മിറ്റി ചെയർമാൻ ഡി. ബാബുരാജ് ആമുഖ പ്രസംഗം നടത്തി. ക്ഷേത്രം പബ്ലിക് ട്രസ്റ്റ് സെക്രട്ടറി പി. സഹദേവൻ സ്വാഗതവും ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ വി. വിപിനകുമാർ നന്ദിയും പറഞ്ഞു. ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 5 .30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും. 9ന് വിശേഷാൽ നാഗരൂട്ട്, 11ന് മഞ്ഞകാപ്പ് അഭിഷേകം, തുടർന്ന് ഉച്ചപൂജ, 11.30 ന് സമൂഹ സദ്യ. വൈകിട്ട് 6ന് ശ്രീ തെങ്ങുംവിള ഭഗവതി തിരുവാതിര ഗ്രൂപ്പിന്റെ തിരുവാതിരക്കളി, 6.30ന് ഡാൻസ്, രാത്രി 8ന് വിളക്ക്. 9ന് തിരുവനന്തപുരം സെവൻസ്റ്റാറിന്റെ മെഗാഷോ.