kulam

വിതുര: വരും ദിനങ്ങളിൽ വേനൽ കടുക്കും, പുഴകളും നീർച്ചാലുകളും വറ്റാൻ തുടങ്ങി. കുടിവെള്ള ക്ഷാമവും ഇപ്പോൾ തന്നെ ജനജീവിതത്തെ ബാധിക്കാൻ തുടങ്ങി. എന്നാൽ വേനൽക്കാലത്തെ കുടിവെള്ളക്ഷാമം നേരിടാനൊരുങ്ങുകയാണ് വിതുര പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി രണ്ട് വർഷം കൊണ്ട് 382 കുളങ്ങളാണ് നിർമ്മിച്ചത്. വേനൽ ഇത്രയും മൂർച്ഛിച്ചിട്ടും കുളങ്ങൾ ജലസമൃദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാനും അറിയിച്ചു. നവീകരിച്ച കുളങ്ങളിൽ ചിലതിൽ സംസ്ഥാനഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യകൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇതിൽ മികച്ച വിളവാണ് ലഭിച്ചത്. കൂടുതൽ കുളങ്ങൾ നിർമ്മിച്ച് മത്സ്യകൃഷി വ്യാപിപ്പിക്കുവാനും, കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുവാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.