തിരുവനന്തപുരം: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ 12ലക്ഷം കോടിയുടെ സ്വർണ നിക്ഷേപത്തിന്റെ ഏഴയലത്ത് വരില്ലെങ്കിലും കേരള മണ്ണിലുമുണ്ട് സ്വർണ സാന്നിദ്ധ്യം. നിലമ്പൂർ മരുതയിലെ 250 ഹെക്ടർ വനഭൂമിയിൽ 1993-94 കാലഘട്ടത്തിൽ ജിയേളജിക്കൽ സർവേ ഒഫ് ഇന്ത്യയാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്.
ഈ മണ്ണിലൊളിഞ്ഞിരിക്കുന്ന സ്വർണം നാട്ടുകാർ പണ്ടേ തിരിച്ചറിഞ്ഞതാണ്. പിന്നീടാണ് കേന്ദ്രസംഘം പഠനത്തിനെത്തിയത്. തുടർപഠനങ്ങൾക്കായി കേന്ദ്ര സർക്കാർ 1.75 കോടി രൂപ അനുവദിച്ചെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.
നിലമ്പൂരിലെ വെള്ളച്ചാലുകളിൽ നിന്നും പാറക്കല്ലുകളിൽ നിന്നും സ്വർണം അരിച്ചെടുത്ത് ജീവിതം കരുപ്പിടിപ്പിച്ചവർ നിരവധിയുണ്ട്. മാർവാഡികൾ സ്വർണം വാങ്ങാൻ മല കയറി വന്നിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, കാടുകളിലെ മല തുരന്നുള്ള സ്വർണം ഊറ്റൽ കാരണം പരിസ്ഥിതിക്ക് വലിയ കോട്ടം സംഭവിച്ചു. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് 1991ൽ സ്വർണ ഖനനം സർക്കാർ നിരോധിച്ചു.
വ്യാവസായികാടിസ്ഥാനത്തിൽ ഖനനം നടത്തിയാൽ ലാഭം ലഭിക്കുന്ന തരത്തിൽ സ്വർണ സാന്നിദ്ധ്യം ഇവിടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലമ്പൂരിലെ സ്വർണം കുഴിച്ചെടുക്കുക ലാഭകരമല്ലാത്തതിനാൽ കേന്ദ്രം ഖനന പദ്ധതിയോട് പിന്നീട് താത്പര്യം കാട്ടിയില്ല. 250 ഹെക്ടർ വനം കുഴിച്ചു മറിക്കുന്നതും ഏറെ ശ്രമകരമായിരുന്നു.
സ്വർണ ഖനനം: നടപടികൾ
1. മണ്ണ്, പാറ പരിശോധന, പരീക്ഷണ ഖനനം എന്നിവയിലൂടെ സ്വർണ സാന്നിദ്ധ്യം സ്ഥിരീകരിക്കൽ. സർവേ, കണക്കെടുപ്പ് തുടങ്ങി ഘട്ടങ്ങൾ വേറെ
2.ജിയോളജി വകുപ്പ് നടത്തുന്ന സർവേയിൽ എത്രമാത്രം അളവിലും ആഴത്തിലും സ്വർണമുണ്ട്, അവയുടെ സ്ഥാനം തുടങ്ങിയവ കണ്ടെത്തും
3. തുടർ നടപടികൾ സ്വീകരിക്കുന്നത് കേന്ദ്ര സർക്കാരാണ്. സ്വർണം കണ്ടെത്തിയാൽ പ്രദേശം ബ്ലോക്കുകളാക്കി തിരിച്ച് ലേലം ചെയ്യും
4) വിവധ വകുപ്പുകൾ ഉൾപ്പെട്ട ബൃഹദ് സംവിധാനമാണിത്. സ്വകാര്യ കമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാം
'' സോൻഭദ്രയിൽ സ്വർണ ഖനനം താരതമ്യേന എളുപ്പമാണ്. 500 മീറ്റർ വരെ ആഴത്തിൽ ഖനനം ചെയ്താവും സ്വർണ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ടാവുക. ഇനിയും കുഴിച്ചാൽ കൂടുതൽ സ്വർണം ലഭിക്കാനും സാദ്ധ്യതയുണ്ട്. വെള്ളി, റോക്കറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മോളിബ്ഡുനം തുടങ്ങിയ ധാതുക്കളും ലഭിച്ചേക്കാം.''
- സി. മുരളീധരൻ
റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ,
ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ