kas-exam

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ആദ്യ പരീക്ഷ ശരാശരി ഉദ്യോഗാർത്ഥികളെ വെള്ളം കുടിപ്പിച്ചു. ഇന്നലെ രാവിലത്തെ ആദ്യപേപ്പറാണ് വില്ലനായത്. അതേസമയം ഉച്ചയ്ക്ക് ശേഷം നടന്ന രണ്ടാം പരീക്ഷയിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സാധിച്ചെന്ന് പരീക്ഷ കഴി‌ഞ്ഞിറങ്ങിയവർ പറഞ്ഞു. തിങ്കളാഴ്ച പി.എസ്.സി ഉത്തരസൂചിക പ്രസിദ്ധീകരിക്കും.

ഒന്നാം പേപ്പറിൽ ചരിത്രം, ഇന്ത്യൻ ഭരണഘടന, ജ്യോഗ്രഫി, ഗണിതം എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു. ഗണിതത്തിലെ ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പാടുപെടേണ്ടിവന്നില്ല. എന്നാൽ മറ്റു വിഷയങ്ങളിലെ ചോദ്യങ്ങൾ ഭൂരിഭാഗവും നേരിട്ടുള്ളവയായിരുന്നില്ല. ആഴത്തിലുള്ള അറിവ് ഉണ്ടെങ്കിൽ മാത്രം ഉത്തരം കണ്ടെത്താനാകുന്ന ചോദ്യങ്ങളായിരുന്നു ഇവ. നെഗറ്റീവ് മാർക്കിനെ ഭയന്ന് പലരും ഈ ചോദ്യങ്ങളിലേക്ക് കടക്കാൻ പോലും തയ്യാറായില്ല.

ആദ്യ പേപ്പർ സമ്മാനിച്ച ഭീതിയോടെ ഉച്ചയ്ക്ക് ഹാളിലെത്തിയ ഉദ്യോഗാർത്ഥികൾക്ക് രണ്ടാം പേപ്പർ ആശ്വാസമായി. ഇംഗ്ലീഷ്, മലയാളം, ശാസ്ത്രരംഗത്ത് അടുത്തിടെ ഉണ്ടായ മാറ്രങ്ങൾ, ടെക്നോളജി, സർക്കാരിന്റെ വിവിധ പദ്ധതികൾ എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുന്നവർക്ക് അനായാസം ഉത്തരം കണ്ടെത്താൻ കഴിഞ്ഞു.

ചിട്ടയായ പഠനം നടത്തിയവർക്ക് ആദ്യ പേപ്പറിന് പരമാവധി 65 മുതൽ 70 വരെ മാർക്കും, രണ്ടാം പേപ്പറിന് 90 വരെ മാർക്കും വരെ നേടാനാകുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടൽ. അപേക്ഷിച്ച 4,00,014 പേരിൽ ഭൂരിഭാഗവും പരീക്ഷയെഴുതിയതായാണ് പ്രാഥമിക നിഗമനം.

'സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെക്കാൾ പ്രയാസകരം. കെ.എ.എസ് പരീക്ഷയിൽ മുൻ മാതൃകകൾ ഇല്ലാത്തതിനാൽ ഒന്നും പ്രതീക്ഷിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഒന്നാം പേപ്പർ പൊതുവേ പ്രയാസകരമാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ അതിന്റെ ആനുകൂല്യം എല്ലാ ഉദ്യോഗാർത്ഥിക്കും ലഭിക്കാൻ സാദ്ധ്യതയുണ്ട്.'

- ഡോ. ടി.പി.സേതുമാധവൻ

വിദ്യാഭ്യാസ വിദഗ്ദ്ധൻ

'ഡിഗ്രി യോഗ്യത അടിസ്ഥാനമാക്കിയുള്ള പി.എസ്.സി പരീക്ഷകളിൽ നിന്നു തീർത്തും വ്യത്യസ്തമായിരുന്നു ഈ പരീക്ഷ. ആദ്യ പേപ്പറിലെ പലചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. സിവിൽ സർവീസ് നിലവാരത്തിലുള്ള ചോദ്യങ്ങളായിരുന്നു പലതും. രണ്ടാം പേപ്പർ എളുപ്പമായിരുന്നു.'

- അപർണ അജയ്,

തിരുവനന്തപുരത്ത് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥി