fine

തിരുവനന്തപുരം: എൻജിനിയറിംഗ് പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ കോളേജുകൾക്ക് പിഴ ഈടാക്കാൻ സാങ്കേതിക സർവകലാശാല തീരുമാനം. മൂല്യനിർണയത്തിനായി അവശേഷിക്കുന്ന ഉത്തരക്കടലാസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ദിവസേന ആയിരം രൂപ എന്ന ക്രമത്തിലായിരിക്കും പിഴ. കോളേജുകൾക്ക് അഫിലിയേഷനുമായി ബന്ധപെട്ട് നെഗ​റ്റീവ്‌ പോയിന്റുകളും നൽകും. മൂല്യനിർണയ ക്യാമ്പുകളിൽ ഗവ. കോളേജ് അദ്ധ്യാപകരുടെ അഭാവമുണ്ടായാലും നടപടിയെടുക്കും. ഒരു കോളേജിൽ നിന്നുള്ള അദ്ധ്യാപകർ മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കോളേജിൽ അനുവദനീയമായ കുട്ടികളുടെ എണ്ണത്തിന്റെ 1.8 ഇരട്ടിയായിരിക്കും.

പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ ഇനി മുതൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അനുമതി വാങ്ങാതെ പരീക്ഷയെഴുതുന്ന കുട്ടികളുടെ പരീക്ഷപേപ്പറുകൾ മൂല്യനിർണയത്തിനായി ശേഖരിക്കില്ലെന്നും സാങ്കേതിക സർവകലാശാല അറിയിച്ചു.