കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ കട്ടയ്ക്കോട് പ്രവർത്തിക്കുന്ന മാവേലിസ്റ്റോർ ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കുടിശിക തീർക്കാത്തതിനാൽ പരാതിയുമായി ബന്ധപ്പെട്ട ഓഫീസുകളിൽ കയറിയിറങ്ങുകയാണ് കെട്ടിട ഉടമ. എന്നാൽ മാവേലിസ്റ്റോർ പൂട്ടാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്. പൂവച്ചൽ പഞ്ചായത്തിന്റെ വലിപ്പം കണക്കിലെടുത്താണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്ന ജി. കാർത്തികേയൻ ഇടപെട്ട് പഞ്ചായത്തിൽ രണ്ട് മാവേലി സ്റ്റോറുകൾ കൂടി അനുവദിച്ചത്. തുടക്കം മുതൽ 10 ലക്ഷം രൂപയോളം മാസം കളക്ഷൻ ഉണ്ടായിരുന്നു. എട്ട് ലക്ഷം രൂപയിൽ കൂടുതൽ കളക്ഷനുള്ള മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ കട്ടയ്ക്കോട്ട് സ്ഥല സൗകര്യമില്ലാത്തതിനാൻ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോൾ സബ്സിഡി സാധനങ്ങൾ കുറവാണെങ്കിൽപ്പോലും അഞ്ച് ലക്ഷത്തിലധികം രൂപയുടെ ശരാശരി കളക്ഷനുണ്ട്. എസ്.സി/എസ്.ടി മേഖലകൾ ഉൾപ്പടെ യുള്ള മലയോര വാസികൾക്കാണ് ഈ മാവേലി സ്റ്റോർ കൊണ്ട് പ്രയോജനം ലഭിക്കുന്നത്.
കെട്ടിടത്തിൽ മാവേലിസ്റ്റോർ പ്രവർത്തിക്കുന്ന കാലം വരെ ഗ്രാമപഞ്ചായത്ത് വാടക നൽകാമെന്ന രേഖാമൂലമുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ 7 മാസമായി കെട്ടിടത്തിന്റ വാടക ഉടമയായ സ്റ്റേഫന് ലഭിച്ചിട്ടില്ല. വാടക കിട്ടാതെ മാസങ്ങലായപ്പോൾ ഉടമ ഗ്രാമപഞ്ചായത്ത് അധികതരെ സമീപിച്ചു. എന്നാൽ ഗ്രാമപഞ്ചായത്ത് കൈമലർത്തി. മാവേലി സ്റ്റോർ പ്രവർത്തിപ്പിക്കുന്ന സപ്ലൈകോയാണ് വാടക നൽകേണ്ടതെന്നാണ് അധികൃതരുടെ പക്ഷമെന്ന് സ്റ്റീഫൻ പറയുന്നു. ഇതോടെ ഉടമ സപ്ലൈകോ അധികൃതരെ സമീപിച്ചു. എന്നാൽ സപ്ലൈകോയ്ക്ക് വാടക നൽകാൻ കഴിയില്ലെന്നും മാവേലിസ്റ്റോർ അനുവദിച്ചപ്പോഴുള്ള കരാർ പ്രകാരം ഗ്രാമപഞ്ചായത്ത് അധികൃതരാണ് വാടക നൽകേണ്ടതെന്നും സപ്ലൈകോ പറയുന്നത്.