തിരുവനന്തപുരം: ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഏറ്രടുക്കാൻ കുന്നുകുഴിയിലുള്ള പാർട്ടിയുടെ താത്കാലിക സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഇന്നലെ രാവിലെ 11.08 ഓടെയെത്തിയ കെ.സുരേന്ദ്രനെ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി.രമയുടെ നേതൃത്വത്തിൽ വനിതാ പ്രവർത്തകർ ആരതി ഉഴിഞ്ഞ് ഓഫീസിനുള്ളിവേക്ക് ആനയിച്ചപ്പോൾ പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തി.
മുമ്പ് പാർട്ടിയെ നയിച്ച അദ്ധ്യക്ഷന്മാരുടെ അനുഗ്രഹം തേടിയ ശേഷമാണ് സുരേന്ദ്രൻ പദവി ഏറ്റെടുത്തത്. ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരിൽ എത്താതിരുന്നത് കുമ്മനം രാജശേഖരൻ മാത്രം. മുൻ സംഘടനാ ജനൽ സെക്രട്ടറി പി.പി.മുകന്ദൻ കെ.സുരേന്ദ്രന്റെ ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും സുരേന്ദ്രനും പരസ്പരം തൊഴുതു. കസേരയിൽ ഇരിക്കുന്നതിനു തൊട്ടുമുമ്പ് കേന്ദ്രമന്ത്രി വി.മുരളീധരനെ ആലിംഗനം ചെയ്തു. സംസ്ഥാനത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ പദവിയേൽക്കാനായി ക്ഷണിച്ചു.
11.26ഓടെ അദ്ധ്യക്ഷന്റെ കസേരയിൽ സുരേന്ദ്രൻ ഇരുന്നപ്പോൾ പുറത്ത് വെടിക്കെട്ടും മുദ്രാവാക്യം വിളികളുമായി ഉത്സവാന്തരീക്ഷം. ആദ്യ സംസ്ഥാന പ്രസിഡന്റ് ഒ.രാജഗോപാൽ കൈമാറിയ മിനിട്സ് ബുക്കിൽ ഒപ്പ് വച്ച് ചുമതലയേറ്റെടുത്തു. ആദ്യ മധുരവും രാജഗോപാലിന്റെ വകയായിരുന്നു.
തുടർന്ന് ഓഫീസ് മുറ്റത്ത് ക്രമീകരിച്ച സ്വീകരണ വേദിയിലേക്ക്. ആദ്യ സ്വീകരണ യോഗത്തിലെ ആദ്യ ഹാരാർപ്പണം ഒ.രാജഗോപാൽ, എച്ച്.രാജ, വി.മുരളീധരൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ വക. താമരകൊണ്ടുള്ള വലിയ ഹാരമായിരുന്നു അത്. പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭൻ, പി.പി.മുകുന്ദൻ, വി.മുരളീധരൻ, കെ.രാമൻപിള്ള എന്നിവർ ചേർന്ന് പാർട്ടി പതാകയുടെ നിറമുള്ള ഹാരം അണിയിച്ചു.
വേദിയിൽ വച്ച് ആശംസാ പ്രസംഗത്തിനു മുന്നോടിയായി ഒ.രാജഗോപാലും തുഷാർ വെള്ളാപ്പള്ളിയും കെ.സുരേന്ദ്രനെ ഷാൾ അണിയിച്ചു.