vakkom-jn

വക്കം: വക്കത്ത് കാത്തിരിപ്പ് കേന്ദ്രം വേണമെന്നാവശ്യം ശക്തം. വക്കത്തെ പ്രധാന കവലയാണ് വക്കം ചന്തമുക്ക് ജംഗ്ഷൻ. ഇവിടെ യാത്രക്കാർ ബസ് കയറാൻ കാത്ത് നിൽക്കുന്നത് വ്യാപാര സ്ഥാപനങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലാണ്. കാറ്റും മഴയും, വെയിലും, ചൂടുമേറ്റ് ബസ് കയറേണ്ട അവസ്ഥയാണിപ്പോഴുള്ളത്. വക്കത്ത് ചന്തമുക്കിനു പുറമേ ഗ്രാമ പഞ്ചായത്ത് കാര്യാലയം, റൂറൽ ഹെൽത്ത് സെന്റർ ജംഗ്ഷൻ തുടങ്ങി യാത്രക്കാർ ഏറെയുള്ള ബസ് സ്റ്റോപ്പുകളുണ്ട്. ഒരിടത്ത് പോലും കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. വക്കം ഗ്രാമ പഞ്ചായത്തിൽ ആകെയുള്ളത് 3 കാത്തിരിപ്പ് കേന്ദ്രങ്ങളാണ്. അത് നിലയ്ക്കാമുക്ക് ജംഗ്ഷനിൽ. നൂറു മീറ്ററിനുള്ളിലാണ് ഈ മൂന്നെണ്ണവും സ്ഥിതി ചെയ്യുന്നത്. വക്കം ചന്തമുക്കിൽ കാത്തിരിപ്പ് കേന്ദ്രത്തിനാവശ്യമായ സ്ഥലം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

കാത്തിരിപ്പ് കേന്ദ്രം വരുന്നതോടെ വക്കം ചന്തമുക്ക് ജംഗ്ഷന്റെ മുഖഛായയും മാറുമെന്ന് കച്ചവടക്കാരും പറയുന്നു. ജനപ്രതിനിധികൾക്ക് ഇത് എറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പല സന്നദ്ധ സംഘടനകളും ഇതിനൊരുക്കമാണ്. ഇതിന് വക്കം ഗ്രാമ പഞ്ചായത്ത് മുന്നിട്ടിറങ്ങണം. ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപെങ്കിലും കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.