k-surendran

തിരുവനന്തപുരം: ഗ്രൂപ്പുകളിയുടെ ആളല്ല താനെന്നും മൂന്നുകൊല്ലം കഴിയുമ്പോൾ ബി.ജെ.പിയിൽ 'ഒരു സുരേന്ദ്രൻ പക്ഷം' ഉണ്ടാകില്ലെന്നും പ്രവർത്തകരോട് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ഉറപ്പ്.

ഒരു പ്രസിഡന്റായി മുന്നിൽ നിൽക്കുന്നുവെന്നേയുള്ളൂ. മറ്രൊരു തരത്തിലുള്ള ആശങ്കകളും ആർക്കും വേണ്ടെന്നും കുന്നുകുഴിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങിലെ മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകുമെന്ന് പറഞ്ഞത് ഭംഗിവാക്കല്ല. നമ്മുടെ കൂടെ ഇന്നുള്ളവർ മാത്രമല്ല,​ ഇനി വരാനിരിക്കുന്നവരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്. വിഭാഗീയതയുടെ ധാരാളം വാർത്തകൾ പ്രസിഡന്റ് പദവി ഏറ്റെടുത്തതുമുതൽ മാദ്ധ്യമങ്ങളിലൂടെ വരുന്നുണ്ട്. അത് ശ്രദ്ധിക്കേണ്ട. ധാരാളം അവസരങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.

നാം നമ്മുടെ ശക്തി തിരിച്ചറിയണം.ഒരു ആദർശത്തിന്റെ പേരിൽ മുന്നിട്ടിറങ്ങി കാലിച്ചായ പോലും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ വലിയൊരു സംഘം വേറൊരു പാർട്ടിയിലുമില്ല. സംഘടിത ശക്തിയെ ഫലപ്രദമായി ഉപയോഗിച്ചാൽ മൂന്നാം ബദൽ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും.

സുഖകരമായ പാതയല്ല,​ കല്ലുമുള്ളും നിറ‌ഞ്ഞ പാത തന്നെയാണ് നമ്മുക്ക് മുന്നിലുള്ളത്.

ബി.ജെ.പിക്ക് ഇവിടെയിടമില്ലെന്ന് പറഞ്ഞ് വൈരാഗ്യ ബുദ്ധിയോടെ വാശിപിടിക്കുന്ന ധാരാളം സമൂഹ്യ പ്രസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളും മാദ്ധ്യമങ്ങളും നമ്മുക്ക് തടസമായി നിൽക്കുന്നുണ്ട്.

പക്ഷെ,​ ആ തടസങ്ങളെ നേരിട്ട് മുന്നോട്ടു പോകാൻ നമ്മുക്ക് കഴിയും.

എൽ.ഡി.എഫും യു.ഡി.എഫും അല്ലാത്ത മൂന്നാം ബദൽ ജനം ആഗ്രഹിക്കന്നു. ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുന്ന രണ്ടു മുന്നണികളോടും ജനങ്ങൾക്ക് അമർഷം ഉണ്ട്. ജനങ്ങൾക്കു മുന്നിൽ ഒരു ഫലപ്രദമായ ബദൽ നൽകാൻ കഴിയാത്തതുകൊണ്ടാണ് ബി.ജെ.പിക്ക് സർക്കാർ ഉണ്ടാക്കാൻ സാധിക്കാത്തത്. ഒരു ഫലപ്രദമായ ബദൽ സ്ഥാപിക്കാൻ കഴിയുന്നിടത്ത് ജനം ബി.ജെ.പിക്കൊപ്പമുണ്ടാകും. നേമത്ത് ഒ.രാജഗോപാൽ ജയിച്ചത് ഫലപ്രദമായ ബദൽ ആകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. കഴിഞ്ഞ തിര‌ഞ്ഞെടുപ്പിൽ ആറ്റിങ്ങലിലും തൃശൂരിലും തിരുവന്തപുരത്തും പത്തനതിട്ടയിലും മുന്നേറ്രത്തിന്റെ കാരണവും അതാണ്- സുരേന്ദ്രൻ പറഞ്ഞു.