general

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം –കൊടിനടവരെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഇഴയുന്നതായി ആക്ഷേപമുയരുന്നു. ഗതാഗതത്തിരക്കും പൊടിയും കാരണം ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ബാലരാമപുരം മുതൽ മുടവൂർപ്പാറ വരെ മെറ്റലിട്ട് നിരപ്പാക്കിയ സ്ഥലങ്ങളിൽ കുഴികൾ രൂപപ്പെട്ടതോടെ വാഹനയാത്രികരും വലയുകയാണ്. മെറ്റൽ ഇളകിത്തെറിച്ച് ഇരുചക്രവാഹനയാത്രികർക്കും പരിക്ക് സംഭവിക്കുകയാണ്. ചുരുക്കത്തിൽ ദേശീയപാതയുടെ പണികൾ വൈകുന്നത് ബാലരാമപുരത്തെ ശ്വാസം മുട്ടിക്കുകയാണ്. കൊടിനടക്ക് സമീപം വാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാൻ കഴിയാതെ റോഡിൽ അപകടക്കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പരാതി അറിയിച്ചും കുഴി രൂപപ്പെട്ട സ്ഥലങ്ങളിൽ മെറ്റലിട്ട് ഗതാഗതായോഗ്യമാക്കാൻ കരാറുകാർ തയ്യാറാകാത്തതും യാത്രക്കാരെ വലയ്ക്കുന്നു. സ്ഥലമേറ്റെടുപ്പ് പൂർത്തീകരിച്ച് നഷ്ടപരിഹാരം കൈമാറിയില്ലെങ്കിലും കൊടിനട മുതൽ ബാലരാമപുരം ജംഗ്ഷന് സമീപം വരെ ജെ.ബി.ബി കൊണ്ട് ഓടകളുടെ നിർമ്മാണജോലിയും ആരംഭിച്ചു. എന്നാൽ കച്ചവടസ്ഥാപനങ്ങളിലേക്ക് കടന്നു വരാൻ കഴിയാത്തവിധം കടകൾക്കു മുന്നിൽ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ കുഴികളെടുത്തിരിക്കുന്നത് കടയുടമകൾക്കും തിരിച്ചടിയായി. ഓടകളുടെ നിർമ്മാണജോലികൾ എത്രയും വേഗം പൂർത്തീകരിച്ചില്ലായെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ.